കേന്ദ്രത്തിനെതിരെ വൻ പ്രതിഷേധവുമായി കർണാടക കോൺഗ്രസ്

(www.kl14onlinenews.com)
(Jun-19-2023)

കേന്ദ്രത്തിനെതിരെ വൻ പ്രതിഷേധവുമായി കർണാടക കോൺഗ്രസ്
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ അംഗത്തിനും 10 കിലോ അരി നൽകുന്ന സംസ്ഥാനത്തിന്റെ 'അന്ന ഭാഗ്യ' പദ്ധതിക്ക് അരി നിഷേധിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ കർണാടകയിലെ കോൺഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ചൊവ്വാഴ്‌ച പ്രകടനം നടത്തും. ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (ഒഎംഎസ്എസ്) പ്രകാരം കേന്ദ്ര പൂളിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്ക് അരിയും ഗോതമ്പും വിൽക്കുന്നത് അടുത്തിടെ കേന്ദ്രം നിർത്തിവച്ചിരുന്നു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, “സംസ്ഥാന സർക്കാരുകൾക്കുള്ള ഒഎംഎസ്‌എസ് (ആഭ്യന്തര) പ്രകാരമുള്ള ഗോതമ്പിന്റെയും അരിയുടെയും വിൽപന നിർത്തിവച്ചു”. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മലയോര സംസ്ഥാനങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ-പ്രകൃതി ദുരന്തങ്ങൾ എന്നിവ നേരിടുന്ന സംസ്ഥാനങ്ങൾ എന്നിവക്കായി ഒഎംഎസ്‌എസിന് കീഴിലുള്ള അരി വിൽപന ക്വിന്റലിന് 3,400 രൂപ നിരക്കിൽ തുടരുമെന്നും ഉത്തരവിൽ പറയുന്നു.

കാലവർഷത്തിന്റെ മന്ദഗതിയിലുള്ള പുരോഗതിയും അരിയുടെയും ഗോതമ്പിന്റെയും വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലുമാണ് നടപടി. മണ്ടി തലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അരി വില 10 ശതമാനം വരെയും കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനം വരെയും വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അരി നിഷേധിച്ച് സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയാണ് പ്രതിഷേധമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തിങ്കളാഴ്‌ച പറഞ്ഞു.

"പാവപ്പെട്ടവർക്ക് അരി നൽകാനാകാതെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. സൗജന്യമായി അരി തരണമെന്ന് ഞങ്ങൾ അവരോട് ആവശ്യപ്പെടുന്നില്ല. തുടക്കം മുതലേയുള്ള സംവിധാനമുണ്ട്. കേന്ദ്ര ഗോഡൗണുകളിൽ അരിയുണ്ടെങ്കിൽ. അത് ആവശ്യപ്പെടുന്നവർക്ക് നൽകണം” ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഞങ്ങൾ പ്രകടനം നടത്തും. ഞങ്ങളുടെ നേതാക്കളോട് പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഞാനും പങ്കെടുക്കും" അദ്ദേഹം പറഞ്ഞു.
അതേസമയം, അന്ന ഭാഗ്യ സ്‌കീമിന് കീഴിലുള്ള 10 കിലോ അരിയുടെ “ഗ്യാറന്റി” പദ്ധതി നിറവേറ്റാൻ സംസ്ഥാനത്തിന് 2.28 ലക്ഷം മെട്രിക് ടൺ അരി ആവശ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഛത്തീസ്ഗഢ് മാത്രമാണ് ഞങ്ങൾക്ക് 1.5 ലക്ഷം മെട്രിക് ടൺ വാഗ്‌ദാനം ചെയ്‌തതെന്നും പഞ്ചാബ് ഉൾപ്പെടെ മറ്റൊരിടത്തും ഇത്രയും വലിയ അളവിൽ അരി ലഭ്യമല്ലെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തിന്റെ അരിയുടെ ആവശ്യകതയെക്കുറിച്ച് ജൂൺ 9ന് സംസ്ഥാന സർക്കാർ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് (എഫ്‌സിഐ) കത്തെഴുതിയതായി അദ്ദേഹം ആവർത്തിച്ചു. കർണാടകയുടെ ആവശ്യം നിറവേറ്റാൻ ആവശ്യമായ അരി ഉണ്ടെന്ന് ജൂൺ 12ന് എഫ്‌സിഐ അനുകൂലമായി മറുപടിയും നൽകിയിരുന്നു.

എന്നാൽ, രണ്ട് ദിവസത്തിന് ശേഷം എഫ്‌സിഐ കർണാടകയുടെ അപേക്ഷ നിരസിച്ചുവെന്ന് സിദ്ധരാമയ്യ ആരോപിച്ചു. "ഇതിനെ എന്ത് വിളിക്കണം? ഇത് രാഷ്ട്രീയമല്ലേ? പാവപ്പെട്ടവർക്കുള്ള അരി ഉപയോഗിച്ചാണ് അവർ രാഷ്ട്രീയം കളിക്കുന്നത്. കോൺഗ്രസിന് അനുകൂലമാകുമെന്നതിനാൽ പാവപ്പെട്ടവർക്ക് അരി നിഷേധിക്കാനുള്ള കേന്ദ്രത്തിന്റെ വലിയ ഗൂഢാലോചനയാണിത്" അദ്ദേഹം പറഞ്ഞു.

ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗത്തിനും നൽകുന്ന അഞ്ച് കിലോഗ്രാം (കൂടുതൽ) അരിക്ക് സംസ്ഥാന സർക്കാരിന് പ്രതിമാസം 840 കോടി രൂപയും, പ്രതിവർഷം 10,092 കോടി രൂപയും ചിലവ് വരുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഈ ചിലവ് വഹിക്കാനും ജനങ്ങൾക്ക് അരി നൽകാനും തയ്യാറാണെന്നും, എന്നാൽ കേന്ദ്രം അരി ഉണ്ടായിരുന്നിട്ടും അത് നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വിതരണം ചെയ്യാൻ ആവശ്യമായ റാഗിയോ ചോളമോ സംസ്ഥാനത്തിന് സ്‌റ്റോക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ഒരു മാസം രണ്ട് കിലോ റാഗിയും ചോളവും മാത്രമേ ഗുണഭോക്താക്കൾക്ക് ആറ് മാസത്തേക്ക് നൽകാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരി സംഭരിക്കാൻ കർണാടക നാഷണൽ കൺസ്യൂമർ കോഓപ്പറേറ്റീവ് ഫെഡറേഷൻ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ, സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ എന്നിവയെ സമീപിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രം രാഷ്ട്രീയം കളിച്ചാലും സംസ്ഥാന സർക്കാർ അന്ന ഭാഗ്യ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

Post a Comment

Previous Post Next Post