ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി

(www.kl14onlinenews.com)
(Jun-03-2023)

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം നേരുന്നതായും ഈ വലിയ പ്രതിസന്ധി ഘട്ടത്തിൽ ഒഡീഷയ്ക്കു കേരളത്തിന്റെ ഐക്യദാര്‍ഢ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.

രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 288 ആയി. 900 ലേറെ പേർക്കു പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. തകർന്ന കോച്ചുകൾക്കിടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി 7.20നായിരുന്നു അപകടം നടന്നത്.

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്കു മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലം സന്ദർശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാടിക്കും രാവിലെ അപകട സ്ഥലം സന്ദർശിക്കും.

Post a Comment

Previous Post Next Post