കോഡ് ഗ്രേ പ്രോട്ടോകോൾ’ സംസ്ഥാനത്തെ ആശുപത്രികളിൽ നടപ്പിലാക്കുമെന്ന് വീണാ ജോർജ്

(www.kl14onlinenews.com)
(June-26-2023)

കോഡ് ഗ്രേ പ്രോട്ടോകോൾ’ സംസ്ഥാനത്തെ ആശുപത്രികളിൽ നടപ്പിലാക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അതിക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോൾ എന്നറിയപ്പെടുന്നത്.

വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിക്കുന്നത്. അതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് തടയാനും അതിന് ശേഷം സ്വീകരിക്കേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോളിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കോഡ് ഗ്രേ പ്രോട്ടോകോൾ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അതിക്രമങ്ങൾ ചെറുക്കുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് പ്രോട്ടോകോൾ തയ്യാറാക്കുന്നത്. ഇതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലേയും പോലീസിലേയും വിദഗ്ധർ പരിശോധിച്ച് കരടിന്മേലുള്ള ചർച്ചയ്ക്ക് വേണ്ടിയാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അതിക്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി 2012ലെ നിയമം ശക്തിപ്പെടുത്തി ഓർഡിനൻസ് ഇറക്കി. ഇതുകൂടാതെയാണ് കോഡ് ഗ്രേ പ്രോട്ടോകോൾ തയ്യാറാക്കി വരുന്നത്. ഇതോടെ വലിയ രീതിയിൽ അതിക്രമങ്ങളെ തടയുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് മനോധൈര്യത്തോടുകൂടി ജോലി ചെയ്യുന്നതിനും സാധിക്കും.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി സാധ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യുക എന്നത് തന്നെയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ അതാത് ജില്ലകളിലെ ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റ് നടത്തിവരുന്നു. ഭൂരിപക്ഷം ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലേയും സാഹചര്യം വ്യത്യസ്ഥമായിരിക്കും. അടിസ്ഥാനപരമായി നിന്നുകൊണ്ട് സ്ഥാപന തലത്തിലുള്ള പ്രത്യേകതകൾ കൂടി ഉൾക്കൊള്ളിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐജി ഹർഷിത അട്ടല്ലൂരി, സിറ്റി പോലീസ് കമ്മീഷണൽ സി എച്ച് നാഗരാജു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post