(www.kl14onlinenews.com)
(Jun-11-2023)
ഹരിയാനയിലെ സോനിപട്ടിലെ ധര്‍മശാലയില്‍ മഹാപഞ്ചായത്ത് നടത്തി ഗുസ്തി താരങ്ങള്‍.നിരവധി കര്‍ഷക നേതാക്കളും ഇതില്‍ പങ്കെടുത്തു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് മഹാപഞ്ചായത്തിന് ശേഷം വനിതാ ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. 15 ദിവസത്തെ സമയം നല്‍കിയെന്നും സാക്ഷി അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. താന്‍ ഇതുവരെ ഡല്‍ഹി പോലീസുമായി സംസാരിച്ചിട്ടില്ലെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ വനിതാ താരത്തെ ഡബ്ല്യുഎഫ്ഐ പ്രസിഡന്റിന്റെ അടുത്തേക്ക് കൊണ്ടുപോകാനുള്ള ഡല്‍ഹി പോലീസിന്റെ നീക്കത്തെ സാക്ഷി മാലിക് ചോദ്യം ചെയ്തു. വനിതാ ഗുസ്തിക്കാരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇത് ഒരുതരം ചൂഷണമാണ്. പോക്സോ കേസില്‍ പരാതിക്കാരിയുടെ മൊഴിയില്‍ മാറ്റം വന്നു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അത് അന്വേഷണത്തെ ബാധിച്ചേക്കും. ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും സാക്ഷി ആരോപിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ആണ് വനിതാ താരവുമായി ഡല്‍ഹി പൊലീസ് റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ഓഫീസിലെത്തിയത്. കുറ്റകൃത്യങ്ങളുടെ രംഗം പുനഃസൃഷ്ടിക്കാനാണ് പോലീസെത്തിയത്. ഒന്നര മണിക്കൂര്‍ സംഘം ഓഫീസില്‍ ചെലവഴിച്ചു. ആരോപണങ്ങളിലെ രംഗം പുനഃസൃഷ്ടിക്കാനും ലൈംഗികാതിക്രമം നേരിട്ട സ്ഥലങ്ങള്‍ ഓര്‍ക്കാനും താരത്തോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി 180 ലധികം ചോദ്യങ്ങള്‍ ചോദിച്ചതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനിടെ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണുമായി ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. എന്നാല്‍ ഈ ഒത്തുതീര്‍പ്പ് വാര്‍ത്ത നിഷേധിച്ച് സഹോദരി വിനേഷ് ഫോഗട്ട് തന്നെ രംഗത്തെത്തി. മസില്‍ പവറും രാഷ്ട്രീയ ശക്തിയും തെറ്റായ വിവരണങ്ങളും നടത്തി വനിതാ ഗുസ്തിക്കാരെ ശല്യപ്പെടുത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമാണ്.ഞങ്ങളെ തകര്‍ക്കുന്നതിനു പകരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്താല്‍, നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും താരം വ്യക്തമാക്കി. അതേസമയം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികളെ സംഗീത ഫോഗട്ടിന്റെ ഭര്‍ത്താവ് ബജ്രംഗ് പുനിയയും നിഷേധിച്ചു.
ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അന്വേഷിക്കുന്നത്. ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അടുത്തയാഴ്ചയോടെ പോലീസിന് അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരുള്‍പ്പെടെ രാജ്യത്തെ പല മുന്‍നിര ഗുസ്തിക്കാരും ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പോരാട്ടം തുടരുകയാണ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെയുള്ള വനിതാ ഗുസ്തിക്കാരെ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം.
Post a Comment