കേരളത്തിലേത് മാതൃകാ ഭരണം; മുഖ്യമന്ത്രി പിണറായി വിജയന്‍

(www.kl14onlinenews.com)
(Jun-12-2023)

കേരളത്തിലേത് മാതൃകാ ഭരണം; മുഖ്യമന്ത്രി പിണറായി വിജയന്‍
ന്യൂയോർക്ക് :
കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തില്‍ മാതൃകാഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. വാഗ്ദാനങ്ങള്‍ നടപ്പാക്കിയതിനാല്‍ ജനങ്ങള്‍ തുടര്‍ ഭരണം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ടൈംസ് സ്‌ക്വയറിലെ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ പരാമര്‍ശിച്ചു. കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകും. വന്ദേഭാരത് ട്രെയിനിന്റെ വരവോടെ അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകള്‍ക്ക് മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളില്‍ വന്ദേഭാരത് വലിയ സ്വീകാര്യതയുണ്ടാക്കി. കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമം തുടരുകയാണ്. കെ റെയിലിനെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈനിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സമ്മര്‍ദങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നിലെത്തിയിട്ടുണ്ട്. അതിനാലാണ് കെ-റെയില്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാവാത്തതെന്നും എന്നാല്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ വ്യവസായി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിത സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്. പതിനാലാം തീയതി പിണറായി വിജയന്‍ ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. പതിനഞ്ച്, പതിനാറ് തീയതികളിലെ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

Post a Comment

Previous Post Next Post