സ്ത്രീകൾക്ക് 1,500 രൂപ, 500 രൂപയ്ക്ക് സിലിണ്ടർ; മധ്യപ്രദേശിൽ പ്രിയങ്കയുടെ 5 വാഗ്ദാനങ്ങൾ

(www.kl14onlinenews.com)
(Jun-12-2023)

സ്ത്രീകൾക്ക് 1,500 രൂപ, 500 രൂപയ്ക്ക് സിലിണ്ടർ; മധ്യപ്രദേശിൽ പ്രിയങ്കയുടെ 5 വാഗ്ദാനങ്ങൾ
ജബൽപുർ:സ്ത്രീകൾക്കു പ്രതിമാസം 1500 രൂപനൽകുന്ന പദ്ധതിയടക്കം മധ്യപ്രദേശ് ജനതയ്ക്ക് അഞ്ച് പുതിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി. ജബല്‍പുർ ജില്ലയിൽ ആരംഭിച്ച തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

സംസ്ഥാനത്തെ സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ നൽകും. 500 രൂപയ്ക്ക് എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടർ. 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്ക്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും. വയോജനങ്ങൾക്കു പെൻഷൻ നൽകും എന്നിവയാണ് മധ്യപ്രദേശിലെ ജനങ്ങൾക്കു കോൺഗ്രസ് നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

നർമദാ മാതാവിന്റെ തീരത്തു വന്ന് ഞങ്ങൾ കള്ളം പറയില്ല.’– എന്ന് പറഞ്ഞാണ് പ്രിയങ്ക പ്രസംഗം തുടങ്ങിയത്. ‘ബിജെപി ഇവിടെ വന്ന് നിരവധി വാഗ്ദാനങ്ങൾ നൽകി. പക്ഷേ, അത് പൂർത്തീകരിക്കാൻ അവർക്കു സാധിച്ചിട്ടില്ല. അവർ രണ്ട് എൻജിനുകളെയും മൂന്ന് എൻജിനുകളെയും കുറിച്ച് സംസാരിച്ചു. ഇതേകാര്യങ്ങൾ തന്നെയാണ് അവർ കർണാടകയിലും ഹിമാചൽ പ്രദേശിലും പറഞ്ഞത്. പക്ഷേ, ഡബിൾ എൻജിനുകളെ കുറിച്ചുള്ള സംസാരം നിർത്തി എങ്ങനെയാണ് ജോലി ചെയ്യേണ്ടതെന്ന് ജനങ്ങൾ അവരെ പഠിപ്പിച്ചു. ഞങ്ങളുടെ പാര്‍ട്ടി എന്തെല്ലാം ഉറപ്പുകളാണോ ജനങ്ങൾക്കു നൽകിയത്, ഛത്തീസ്ഗഡിലും ഹിമാചൽ പ്രദേശിലും അതെല്ലാം ഞങ്ങൾ പാലിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പരിശോധിച്ചാൽ നിങ്ങൾക്കതു മനസ്സിലാകും. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്’– പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് അധികാരത്തിൽ വരുമായിരുന്നു. പക്ഷേ, ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരം കൈക്കലാക്കിയതാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ‘ഇവിടെ നിരവധി അഴിമതികൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തി കാണിച്ച ലിസ്റ്റിനേക്കാൾ എത്രയോ വലുതാണ് ഇവിടത്തെ അഴിമതി. ഉജ്ജയിനിയിലെ മഹാകാൽ ലോക് ഇടനാഴിയുടെ നിർമാണത്തിലും അഴിമതി നടന്നിട്ടുണ്ട്.’- പ്രിയങ്ക വ്യക്തമാക്കി.

‘ഏതാനു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രി ശിവ്‌‌രാജ് സിങ് ചൗഹാൻ സ്ത്രീകൾക്കായി ചില വാഗ്ദാനങ്ങൾ നൽകിപ്പോയി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇതെന്നു വ്യക്തമാണ്. അദ്ദേഹം നിരവധി വർഷങ്ങൾ മുഖ്യമന്ത്രിയായി. പക്ഷേ, എന്തുപ്രയോജനം. സംസ്ഥാനത്ത് വൻവിലക്കയറ്റമാണ്. എൽപിജി സിലിണ്ടറുകള്‍ക്കും ഡീസലിനും പെട്രോളിനും വലിയ വിലയാണ്. കഴിഞ്ഞ മൂന്ന് വർഷമായി 21 സർക്കാർ ജോലികൾ മാത്രമാണ് നൽകിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ഒരു നല്ല പ്രഭാഷകനാണ്. അദ്ദേഹത്തിന്റെ 18 വർഷത്തെ ഭരണത്തിനിടെ 22,000 വാഗ്ദാനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.’– പ്രിയങ്ക ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങളും ഇതിനോടകം തന്നെ നടപ്പാക്കി എന്നും പ്രിയങ്ക വ്യക്തമാക്കി.

Post a Comment

Previous Post Next Post