ഭൂകമ്പബാധിതർക്കായി 10,000 കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ

(www.kl14onlinenews.com)
(June-26-2023)

ഭൂകമ്പബാധിതർക്കായി 10,000 കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ
ദോഹ: തുർക്കി, സിറിയ ഭൂകമ്പ ദുരിതബാധിതർക്ക് താമസമൊരുക്കാൻ ഖത്തർ പ്രഖ്യാപിച്ച 10,000 കണ്ടെയ്‌നർ വീടുകളും വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് 10,000 കണ്ടെയ്‌നർ വീടുകളുടെയും വിതരണം പൂർത്തിയായത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് ആണ് ഓരോ ബാച്ചുകളായി കണ്ടെയ്‌നർ വീടുകൾ എത്തിച്ചത്.

ലോകകപ്പിനെത്തിയ ആരാധകർക്ക് താമസമൊരുക്കാൻ ഉപയോഗിച്ച കണ്ടെയ്‌നർ വീടുകളാണ് ഭൂകമ്പ ദുരിതബാധിതർക്ക് നൽകിയത്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ കണ്ടെയ്‌നർ യൂണിറ്റുകളും. താമസിക്കാൻ വീടുകൾക്ക് പുറമെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരം രക്ഷാപ്രവർത്തനങ്ങളിലും മെഡിക്കൽ, ദുരിതാശ്വാസ, സഹായ വിതരണങ്ങളിലും ഖത്തർ ഇപ്പോഴും സജീവമാണ്.

ഭൂകമ്പ ദുരിതബാധിതർക്കായി ഖത്തറിൽ നടത്തിയ ധനശേഖരണ ക്യാംപെയ്‌നിലേക്ക് 5 കോടി റിയാൽ അമീർ സംഭാവന ചെയ്തു.16,80,15,836 റിയാൽ ക്യാംപെയ്‌നിലൂടെ ശേഖരിച്ചു. 70,000 പേർക്കായി വടക്കൻ സിറിയയിൽ ചെറു നഗരം നിർമിക്കുമെന്ന് ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റും തുർക്കി എമർജൻസി റെസ്‌പോൺസ് സ്ഥാപനമായ എഎഫ്എഡിയും ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരിയിലുണ്ടായ ഭൂകമ്പങ്ങളിൽ 50,000 പേർ കൊല്ലപ്പെടുകയും 29 ലക്ഷത്തിലധികം പേർക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post