ലോഡ്ജിലെ കൊല: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

(www.kl14onlinenews.com)
(21-May-2023)

ലോഡ്ജിലെ കൊല: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കാഞ്ഞങ്ങാട്:
ന​ഗരത്തിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ഭാസ്കറിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ് അന്വേഷണ സംഘം. ദേവിക കൊലപാതക കേസിലെ പ്രതി സതീഷ് ഭാസ്കറിനെയാണ് മേയ് 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്.

കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കടയിൽനിന്നാണ് കത്തികൾ വാങ്ങിയതെന്ന് പൊലീസിന് പ്രതി മൊഴി നൽകിയിട്ടുണ്ട്. നേരത്തെ നൽകിയ മൊഴിയിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും ചോ​ദ്യം ചെയ്യലിൽ ഉണ്ടായിട്ടില്ല. തെളിവു ശേഖരണമാണ് വരും ദിവസങ്ങളിൽ നടത്തേണ്ടത്. കൊല നടത്തിയ ശേഷം പ്രതി കത്തിയുമായാണ് ഹോസ്ദുർഗ് പൊലീസിൽ കീഴടങ്ങിയത്.

ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം സതീഷ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ചോരയൊലിക്കുന്ന കത്തിയുമായാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

വിവാഹിതരായ ഇരുവരും ഒൻപതു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. തന്‍റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. തന്റെ ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും സതീഷ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. പ്രതിയായ സതീഷ് കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തുകയാണ്. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിവാഹിതനാകുന്നതിന് മുമ്പ് തന്നെ സതീഷിന് ദേവികയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

Post a Comment

Previous Post Next Post