കര്‍ണാടക മന്ത്രിമാരെല്ലാം കോടിപതികള്‍! ശരാശരി ആസ്തി 229 കോടി, 9 പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്

(www.kl14onlinenews.com)
(22-May-2023)

കര്‍ണാടക മന്ത്രിമാരെല്ലാം കോടിപതികള്‍! ശരാശരി ആസ്തി 229 കോടി, 9 പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്
ബാംഗ്ലൂർ :
കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിസഭാംഗങ്ങളുടെ സ്വത്ത് സംബന്ധിച്ച കണക്കുകളും ചര്‍ച്ചയാവുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കാബിനറ്റ് മന്ത്രിമാരെല്ലാം കോടിപതികളാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), കര്‍ണാടക ഇലക്ഷന്‍ വാച്ച് (കെഇഡബ്ല്യു) എന്നിവയുടെ റിപ്പോര്‍ട്ട് അനുസരിച്ച് എല്ലാ മന്ത്രിമാരും അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് സര്‍വഗണനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ കെ ജെ ജോര്‍ജ്ജ് ഇസിഐ വെബ്‌സൈറ്റില്‍ സത്യവാങ്മൂലം നല്‍കിയിരുന്നില്ല.

നാല് മന്ത്രിമാര്‍ക്കെതിരെ ഗുരുതര കേസുകള്‍

മന്ത്രിസഭയിലെ 9 അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളും നാല് മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത് ക്യാബിനറ്റ് മന്ത്രിമാരില്‍ 44% പേര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. ഒമ്പത് മന്ത്രിമാരും കോടീശ്വരന്മാരാണ്.ഇവരുടെ ശരാശരി ആസ്തി 229.27 കോടി രൂപയിലധികമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്കിനാണ് ഏറ്റവും കുറഞ്ഞ ആസ്തി.16.83 കോടി രൂപയാണ് പ്രിയങ്കിനുള്ളത്. അതേസമയം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഏറ്റവും ധനികനായ എംഎല്‍എ. 1413.8 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ശിവകുമാര്‍ ഏറ്റവും ധനികന്‍

അതേസമയം ഒമ്പത് മന്ത്രിമാരും തങ്ങളുടെ ബാധ്യത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 265.06 കോടിയുടെ ഏറ്റവും ഉയര്‍ന്ന കടബാധ്യതയും ശിവകുമാറിനാണ്. മുന്‍ ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വരയ്ക്കാണ് ഏറ്റവും കുറവ് ബാധ്യത. 9 കോടി രൂപയാണ് അദ്ദേഹത്തിന് ബാധ്യതയായുള്ളത്. കാര്‍ഷിക ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയ പരമേശ്വര പട്ടികയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള മന്ത്രി കൂടിയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മൈസൂര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയതായി അറിയിച്ചു. പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ശാരദാ വിലാസ് ലോ കോളേജില്‍ നിന്ന് നിയമം പഠിച്ചിട്ടുണ്ട്.

ആറ് മന്ത്രിമാര്‍ക്ക് ബിരുദതലത്തിലും അതിനു മുകളിലുമുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ട്. എട്ടാം ക്ലാസ് മുതല്‍ 12 വരെ പാസ്സായവരാണ് മൂന്ന് മന്ത്രിമാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കെ എച്ച് മുനിയപ്പയ്ക്കും 75 വയസ്സുണ്ട്. നിലവിലെ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്നവരാണ് ഇരുവരും. 44കാരനായ പ്രിയങ്ക് ഖാര്‍ഗെയാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. അദ്ദേഹവും മുഖ്യമന്ത്രിയും തമ്മില്‍ 30 വയസിന്റെ വ്യത്യാസമുണ്ട്.

മന്ത്രിമാരായ 8 എംഎല്‍എമാര്‍

ഡോ.ജി.പരമേശ്വര

സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനും ശേഷം ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഡോ.ജി.പരമേശ്വരയാണ്. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ സംസ്ഥാനത്തെ ആദ്യത്തെ ദളിത് ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. പരമേശ്വര 6 തവണ എംഎല്‍എ ആയിട്ടുണ്ട്.1989, 1999, 2004 വര്‍ഷങ്ങളില്‍ മധുഗിരിയില്‍ നിന്നും 2008, 2018, 2023 വര്‍ഷങ്ങളില്‍ കൊരട്ടഗെരെയില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്.എട്ട് വര്‍ഷമായി കെപിസിസി അധ്യക്ഷനാണ്.

എം ബി പാട്ടീല്‍

ശക്തനായ ലിംഗായത്ത് നേതാവാണ്. അഞ്ചു തവണ എംഎല്‍എ ആയിട്ടുണ്ട്. 2013ല്‍ ജലസേചന മന്ത്രിയായിരുന്നു. സിദ്ധരാമയ്യയുമായി ഏറെ അടുപ്പമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനായിരുന്നു.

സതീഷ് ജാര്‍ക്കിഹോളി

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാണ്. മുന്‍ വനം പരിസ്ഥിതി മന്ത്രി. അദ്ദേഹം നായക് സമുദായത്തില്‍ നിന്നാണ് വരുന്നത്. മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. ഒരു പഞ്ചസാര മില്ലുള്‍പ്പെടെ നിരവധി സ്‌കൂളുകളുടെ ഉടമയാണ്. 2008ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പ്രിയങ്ക് ഖാര്‍ഗെ

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍. ചിറ്റാപൂരില്‍ നിന്ന് മൂന്നാം തവണയും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക് 2016 ല്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 1998ല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തുടങ്ങി. 38-ാം വയസ്സില്‍ മന്ത്രിയായി. രാഹുലിനേക്കാളും പ്രിയങ്കയേക്കാളും 42 റാലികള്‍ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ നടത്തി.

കെ ജെ ജോര്‍ജ്ജ്

73 കാരനായ കേല്‍ചന്ദ്ര ജോസഫ് ജോര്‍ജ്ജ് 55768 വോട്ടുകള്‍ക്ക് ബംഗളൂരുവിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. 2013 മുതല്‍ അദ്ദേഹം ഈ സീറ്റില്‍ തുടരുകയാണ്. ഇതിനുമുമ്പ് അദ്ദേഹം ഭാരതിനഗര്‍ സീറ്റില്‍ നിന്ന് രണ്ടുതവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു തവണ എംഎല്‍എ ആയിട്ടുണ്ട്.

കെ എച്ച് മുനിയപ്പ

കേന്ദ്ര ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവനഹള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. മൂന്ന് പതിറ്റാണ്ടായി ലോക് സഭാംഗമാണ്.

ജാമിര്‍ അഹമ്മദ് ഖാന്‍

ചാമരാജ്‌പേട്ട് നിയോജക മണ്ഡലത്തില്‍ നിന്ന് 4 തവണ എംഎല്‍എ. നാഷണല്‍ ട്രാവല്‍സിന്റെ മാനേജിംഗ് പാര്‍ട്ണറാണ്. 2005ലെ ഉപതിരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ടയില്‍ നിന്ന് ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ ഹജ് ആന്‍ഡ് വഖഫ് ബോര്‍ഡ് മന്ത്രിയായി.സിദ്ധരാമയ്യയുമായി ഏറെ അടുപ്പമുണ്ട്.

രാമലിംഗ റെഡ്ഡി

ഇന്ദിരാഗാന്ധിയുടെയും ഡി.ദേവരാജിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2017 സെപ്റ്റംബര്‍ 2 മുതല്‍ 2018 മെയ് 17 വരെ ആഭ്യന്തര സഹമന്ത്രിയും 2013 മെയ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ കര്‍ണാടക ഗതാഗത മന്ത്രിയുമായിരുന്നു.

Post a Comment

Previous Post Next Post