കർണാടകയിൽ വിജയത്തിലേക്ക്; കോൺഗ്രസിന്റെ വിജയകരമായ ഗെയിം പ്ലാനിന്റെ ഏഴ് ഘടകങ്ങൾ

(www.kl14onlinenews.com)
(13-May-2023)

കർണാടകയിൽ വിജയത്തിലേക്ക്; കോൺഗ്രസിന്റെ വിജയകരമായ ഗെയിം പ്ലാനിന്റെ ഏഴ് ഘടകങ്ങൾ
ബാംഗ്ലൂർ :
മുൻ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നു നിരവധി പാഠങ്ങൾ പാർട്ടി പഠിച്ചു. മോദിക്കെതിരായ പോരാട്ടമാക്കി മാറ്റാതെ മറ്റു വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

കർണാടകയിൽ കോൺഗ്രസ്
വിജയത്തിലേക്ക് നീങ്ങുമ്പോൾ, അതിലേക്ക് പാർട്ടിയെ നയിച്ച ഏഴ് പ്രധാന കാര്യങ്ങൾ:

ശ്രദ്ധാപൂർവ്വം തയാറാക്കിയ ഐക്യ സന്ദേശം

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മുൻ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ 75-ാം ജന്മദിനത്തിൽ ആഘോഷവേദിയിൽ വച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്യാൻ രാഹുൽ ഗാന്ധി ഡി കെ ശിവകുമാറിനോട് പറയുമ്പോൾ അത് കർണാടകയിലെ കോൺഗ്രസ് വൃത്തങ്ങളിൽ ചിരിയുണർത്തുകയും ബിജെപിയിൽ നിന്നു പരിഹാസമുയർത്തുന്നതിനും കാരണമായിരുന്നു. കർണാടക കോൺഗ്രസിലെ ഈ പ്രധാന നേതാക്കൾ തമ്മിൽ ഏറെ നാളായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു.

സിദ്ധരാമയ്യയുടെ ജന്മദിനം അദ്ദേഹത്തിന്റെ അനുയായികൾ ഗംഭീരമായി ആഘോഷിക്കുന്നുവെന്ന പ്രഖ്യാപനം ശിവകുമാറിന് സന്തോഷകരമായിരുന്നില്ല. വ്യക്തികളെ ആരാധിക്കുന്നതിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നു അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കമാൻഡ് ഇടപെടുകയും രാഹുലും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് അതൊരു ഐക്യപരിപാടിയാക്കി മാറ്റുകയുമായിരുന്നു.

നിർണായകമായത് ദലിത് - പിന്നാക്ക വോട്ടുകളും മുസ്ലീം വോട്ടുകളും

ഓരോ സമുദായങ്ങളും പ്രത്യക്ഷമായി തന്നെ രാഷ്ട്രീയ നിലപാടെടുക്കുന്ന സംസ്ഥാനമാണ് കർണാടകം. ഇക്കുറി എല്ലാ ജാതി സമുദായ സമവാക്യങ്ങളും അനുകൂലമായി എന്നതാണ് കോൺഗ്രസിൻറെ നേട്ടത്തിനു പിന്നിലെ ഏറ്റവും പ്രധാന ഘടകം.

ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കാണ് ലിംഗായത് സമുദായം. സംസ്ഥാനത്തെ ജനസംഖ്യയിൽ 17% ലിംഗായത്തുകളാണ്. എന്നാൽ ഇക്കുറി സംവരണ വിഷയത്തിൽ ബിജെപിയോട് മുഖം തിരിഞ്ഞ് നിന്ന ലിംഗായത്തുകൾ വോട്ടെടുപ്പിലും തങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തി. ലിംഗായത്തുകൾക്ക് സ്വാധീനമുള്ള കിട്ടൂർ കർണാടകയിൽ ആകെയുള്ള 50 സീറ്റുകളിൽ 33 സീറ്റുകളും കോൺഗ്രസ് നേടി. കേവലം 16 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഇവിടെ നേടാനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരേ തിരിച്ചായിരുന്നു സ്ഥിതി.

സംസ്ഥാനത്ത് മുസ്ളീങ്ങൾ 13 ശതമാനമുണ്ട്. ഓൾഡ് മൈസുരുവിൽ പരമ്പരാഗതമായി ജെഡിഎസ്സിന് വോട്ട് ചെയ്തിരുന്ന മുസ്ളീങ്ങൾ ഇക്കുറി ഒന്നടങ്കം കോൺഗ്രസ്സിനാണ് വോട്ടു ചെയ്തത്. ഇതോടെ ദക്ഷിണ കർണാടകയിൽ 37 സീറ്റുകളാണ് കോൺഗ്രസിന് കിട്ടിയത്. ജെഡിഎസ്സിൻറെ ശക്തി കേന്ദ്രത്തിൽ അവർ 16 സീറ്റുകളിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ബിജെപിയുടെ കോട്ടയായ തീരദേശ കർണാടകയിലും കോൺഗ്രസ് നേട്ടമുണ്ടാക്കിയത് മുസ്ളിം വോട്ടുകൾ അനുകൂലമായതിനാലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തീരദേശ കർണാടകത്തിൽ തൂത്തുവാരി വിജയിച്ച ബിജെപി ഇക്കുറി 12 സീറ്റുകളിലായി ചുരുങ്ങി. ഒന്നുമില്ലാത്തിടത്തു നിന്നും കോൺഗ്രസ് 6 സീറ്റുകൾ നേടി.

ഈ തിരഞ്ഞെടുപ്പിൽ 43% വോട്ടുകളാണ് കോൺഗ്രസിന് ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ട് ബാങ്കായ പിന്നാക്ക വോട്ടുകളും ദളിത് വോട്ടുകളും ഇക്കുറി കോൺഗ്രസ്സിന് അനുകൂലായതിനാലാണ് ഇത്ര വലിയ വോട്ട് വിഹിതം കോൺഗ്രസിന് കരസ്ഥമാക്കാനായത്. അതിൽ നിർണായകമായത് മല്ലികാർജുൻ ഖർഗെയും സിദ്ധരാമയ്യയുമാണ്. ഖർഗെ ദളിത് വിഭാഗത്തിൽപ്പെട്ട നേതാവാണ്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായ ഖർഗെയോട് ജൻമനാടായ കർണാടക അനുകൂല മനോഭാവം കാണിച്ചു എന്നു വേണം കരുതാൻ. ഒപ്പം പിന്നാക്ക വിഭാഗമായ കുറബ സമുദായത്തിൽ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ. ഇതും കോൺഗ്രസിന് അനുകൂലമായി.
മസ്ലീം വോട്ടുകൾ, ദളിത് വോട്ടുകൾ, പിന്നാക്ക വോട്ടുകൾ, ലിംഗായത്തിലേയും വൊക്കലിഗയിലേയും നല്ലൊരു ശതമാനം വോട്ടുകൾ എന്നിവ കോൺഗ്രസിന് ഒരേസമയം അനുകൂലമായി എന്നതാണ് ഇക്കുറി കോൺഗ്രസിന് വലിയ വിജയം സമ്മാനിച്ചത്.

Post a Comment

Previous Post Next Post