കാസർകോട് റെയിൽവേ പൊലീസിലും ആർപിഎഫിലും വനിതാ ഓഫിസർമാരില്ല; വനിതാ സുരക്ഷയും സംരക്ഷണവും പ്രതിസന്ധിയിൽ

(www.kl14onlinenews.com)
(06-May-2023)

കാസർകോട് റെയിൽവേ പൊലീസിലും ആർപിഎഫിലും വനിതാ ഓഫിസർമാരില്ല; വനിതാ സുരക്ഷയും സംരക്ഷണവും പ്രതിസന്ധിയിൽ
കാസർകോട് : ജില്ലാ ആസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനായ കാസർകോട്ട് കേരള റെയിൽവേ പൊലീസിലും റെയിൽവേ സംരക്ഷണ സേനയിലും വനിതാ ഓഫിസർമാരില്ലാത്തത് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പരിശോധനയ്ക്കു തടസ്സമാകുന്നു. യാത്രക്കിടയിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തുണയാകാനും ശാരീരിക പ്രയാസം അനുഭവിക്കുന്ന സ്ത്രീ യാത്രക്കാർക്ക് അവശ്യസഹായം എത്തിക്കുന്നതിനുമായി ഇരു സേനകളിലും വനിതാ ഓഫിസർമാരില്ലാത്തത് കാസർകോട്ട് മാത്രമാണ്.

എന്നാൽ ചില അതാവശ്യ ഘട്ടങ്ങളിൽ വനിത ഓഫിസർമാരുടെ സേവനത്തിനായി വനിത പൊലീസ് സ്റ്റേഷൻ, പിങ്ക് പട്രോളിങ് യൂണിറ്റുകളെ ആശ്രയിക്കാറുണ്ടെങ്കിലും വൈകിട്ട് 6നു ശേഷം ഇവിടെ നിന്നുള്ള സേവനവും ലഭിക്കുന്നത് കുറവാണ്.ദീർഘദൂരം ഉൾപ്പെടെ ഇരു ഭാഗങ്ങളിലേക്കുമായി ദിവസേന അൻപതിലേറെ ട്രെയിനുകൾക്കാണു കാസർകോട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുള്ളത്. ഇറങ്ങാനും കയറാനുമായി നൂറുകണക്കിനു യാത്രക്കാരുണ്ടാകും.

മോഷണം ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിൻ യാത്രക്കാർക്കു നേരെയുള്ള അതിക്രമങ്ങളും കവർച്ചകളും മോഷണങ്ങളും വർധിക്കുമ്പോഴും സംശയമുള്ള സ്ത്രീ യാത്രക്കാരെ പോലും വനിതാ ഓഫിസർമാരില്ലാത്തതിനാൽ പരിശോധിക്കാനാകുന്നില്ല. ട്രെയിനിൽ കയറുന്നതിനിടെ അപകടമോ യാത്രക്കിടെ ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങളോ മൂലം കഷ്ടപ്പെടുന്നവർക്കും ആശുപത്രിയിലെത്തിക്കാൻ വനിത ഓഫിസർമാരില്ലാത്തത് പ്രയാസമാകുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിൽ വനിതാ ഓഫിസർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ കുറവായതിനാൽ ഡപ്യൂട്ടേഷനിൽ പോലും  ഇവിടേക്ക് വരാൻ പലരും മടിക്കുകയാണ്.

റെയിൽവേ പൊലീസ് 

കാസർകോട് റെയി‍ൽവേ പൊലീസ് സ്റ്റേഷനിൽ ആകെയുള്ള തസ്തികകളിൽ  26 ജീവനക്കാർ വേണം, എന്നാൽ നിലവിൽ 21 പേരാണുള്ളത്. എസ്ഐയുണ്ട്. 5 സീനിയർ സിവിൽ പൊലീസ് ഓഫിസർമാരിൽ 4 പേരുണ്ട്. 16 സിവിൽ പൊലീസ് ഓഫിസർമാരുണ്ട്. 3 വനിത പൊലീസുകാർ വേണം.

എന്നാൽ നിലവിൽ  ഒരാളുമില്ല. വനിത പൊലീസ് ഓഫിസർമാരിൽ  ഒരാളുടെ ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതോടെയാണ് വനിതാ രഹിത പൊലീസ് സ്റ്റേഷനായത്.   മറ്റു ജില്ലകളിലെ റെയിൽവേ പൊലീസിൽ നാൽപതിലേറെ പൊലീസുകാരുള്ളപ്പോൾ ഇവിടെ 21പേർ മാത്രമാണുള്ളത്. പൊലീസുകാരുടെ കുറവുകൾ  പരിശോധനയ്ക്കും മറ്റും ഏറെ ബാധിക്കുന്നു.

ആർപിഎഫ്

കാസർകോട് റെയിൽവേ സംരക്ഷണ സേനയിൽ (ആർപിഎഫ്) ഒരു എസ്ഐ ഉൾപ്പെടെ 19  പേരാണുള്ളത്. ഇൻസ്പെക്ടറുടെ ഒഴിവുണ്ട്. ഒരു എഎസ്ഐ, 5 ഹെഡ്കോൺസ്റ്റബിൾ, 12 കോൺസ്റ്റബിൾ എന്നിവർ മാത്രമാണുള്ളത്. മറ്റിടങ്ങളിലെ റെയിൽവേ സംരക്ഷണ സേനകളിൽ വനിതകൾ ഉൾപ്പെടെ അൻപതോളം ജീവനക്കാരുണ്ട്. എന്നാൽ കാസർകോട്ട് ഒരു വനിത പോലുമില്ല. തൃക്കരിപ്പൂർ വരെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ ചുമതലയാണ് ആർപിഎഫിനുള്ളത്. എന്നാൽ ജീവനക്കാരുടെ കുറവുകൾ ആവശ്യമായ പരിശോധന നടത്താനാകുന്നില്ല.

2 വർഷം; 16 കേസുകൾ

കാസർകോട് സ്റ്റേഷനിലുള്ള കേരള റെയിൽവേ പൊലീസ് 2 വർഷത്തിൽ റജിസ്റ്റർ ചെയ്തത് 16 കേസുകളാണ്. ഇതിൽ ഏറെയും കവർച്ചകളായിരുന്നു. 2021–ൽ റജിസ്റ്റർ ചെയ്ത 6 കേസുകളിൽ മൂന്നെണ്ണം ട്രെയിൻ യാത്രക്കാരുടെ സ്വർണവും പണവും അടങ്ങിയ  ബാഗ് കവർച്ചയും മൂന്നെണ്ണം സ്ത്രീകൾക്കു നേരെയുള്ള അതിക്രമവുമാണ്. ഇതിൽ ഒരെണ്ണം ഒഴികെ ബാക്കി കേസുകളിലെ പ്രതികളെ പിടികൂടി. 2022–ൽ ട്രെയിനുകളിൽ 7 കവർച്ച കേസുകളാണു റജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം രണ്ടെണ്ണവും.  ഇതിൽ ഒരു കേസിൽ മാത്രമാണു പ്രതിയെ പിടികൂടാൻ ബാക്കിയുണ്ട്.

Post a Comment

Previous Post Next Post