ദ കേരള സ്റ്റോറി'ക്കെതിരെ ഡി.ജി.പിക്ക് ഡി.വൈ.എഫ്.ഐയുടെ പരാതി;സംവിധായകനും നിർമാതാവിനുമെതിരെ കേസെടുക്കണം

(www.kl14onlinenews.com)
(04-May-2023)

'ദ കേരള സ്റ്റോറി'ക്കെതിരെ ഡി.ജി.പിക്ക് ഡി.വൈ.എഫ്.ഐയുടെ പരാതി;സംവിധായകനും നിർമാതാവിനുമെതിരെ കേസെടുക്കണം
തിരുവനന്തപുരം: വിദ്വേഷ അജണ്ടയുമായെത്തുന്ന വിവാദ ചിത്രം 'ദ കേരള സ്റ്റോറി'ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി ഡി.വൈ.എഫ്.ഐ. സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ കേസെടുക്കണമെന്നും സിനിമയുടെ ട്രെയിലർ മതസ്പർദ്ധ ഉണ്ടാക്കുന്നതും മുസ്ലിം സമുദായത്തെ ഐ.എസിന്‍റെ റിക്രൂട്ടിങ് ഏജൻസിയായി ചിത്രീകരിക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നൽകിയ പരാതിയിൽ പറയുന്നു.

ട്രെയിലർ പ്രദർശനം വർഗീയ ധ്രുവീകരണവും മുസ്ലിം വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്നതാണ്. വർഗീയ കലാപങ്ങൾക്ക് കാരണമാവുകയും ചെയ്യും. കേരളത്തിൽ നിലവിലില്ലാത്ത സാഹചര്യത്തിനെ വ്യാജമായി നിർമ്മിച്ച് കേരളത്തിന്റെ കഥയാണ് എന്ന് തലക്കെട്ട് പ്രദർശിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ലോകത്തിനാകെ മാതൃകയായ മഹത്തായ കേരള മോഡലിനെ കരിവാരി തേക്കുന്നതുമാണ്.

ഇത് സാധാരണക്കാരായ ജനങ്ങളിൽ ഭയവും ഭീതിപ്പിക്കും ജനിപ്പിക്കും. കേരളത്തിന് പുറത്തുള്ളവരിൽ കേരളീയരോട് സ്പർധയും വെറുപ്പും ഉണ്ടാവാൻ ഇത് കാരണമാവും. ഈ വ്യാജ നിർമിതിയെ ന്യായീകരിക്കാൻ ചിലർ സംഘടിതമായി മുന്നോട്ടു വരുന്നത് കേരളത്തിന്റെ മതനിരപേക്ഷ സാഹചര്യത്തെ ബാധിക്കും. ഇത് തടയേണ്ടതുണ്ട്. മുസ്ലിം സമുദായത്തിൽ പെട്ടവർ മറ്റു സമുദായത്തിൽപ്പെട്ട സ്ത്രീകളെ പ്രണയത്തിലൂടെ ആകർഷിച്ച് മതപരിവർത്തനത്തിന് പ്രേരിപ്പിച്ച് തീവ്രവാദ സംഘടനയിലേക്ക് തിരഞ്ഞെടുത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് ട്രെയിലറിലൂടെ പ്രചരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലറിൽ പറയുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾ പ്രകാരം ക്രിമിനൽ കുറ്റകൃത്യമാണെന്നും പരാതിയിൽ പറയുന്നു

Post a Comment

Previous Post Next Post