ജീവനക്കാർ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നു; കർശന നടപടിയെന്ന് സർക്കാർ മുന്നറിയിപ്പ്

(www.kl14onlinenews.com)
(25-May-2023)

ജീവനക്കാർ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നു; കർശന നടപടിയെന്ന് സർക്കാർ മുന്നറിയിപ്പ്

തിരുവനന്തപുരം: വീടുകളിൽനിന്നുള്ള മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്ന ജീവനക്കാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സർക്കാർ. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. ചില ജീവനക്കാർ സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായിട്ടാണ് വരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മഴക്കാലത്തിനു മുന്നോടിയായി സെക്രട്ടറിയേറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനിടെയിലാണ് ജീവനക്കാർ വീടുകളിൽനിന്നുള്ള മാലിന്യം ഇവിടെ കൊണ്ടുവന്ന് കളയുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാർ വേസ്റ്റ് ബിന്നുകളിൽ തള്ളുന്നതായി കണ്ടെത്തി. ഇതോടെയാണ് സർക്കാർ ഉത്തരവിറക്കിയത്.

ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്ന് ഉത്തരവിൽ പറയുന്നു. സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകള്‍ക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും സിസിടിവിയില്‍ പതിഞ്ഞാല്‍ പിടിവീഴുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

മാലിന്യവുമായെത്തുന്ന ജീവനക്കാർ ആരുമില്ലാത്ത സമയത്താണ് വേസ്റ്റ് ബിന്നിൽ തള്ളുന്നത്. അതേസമയം, വീട്ടിൽ നിന്നും മാലിന്യം കൊണ്ടുവന്ന് സെക്രട്ടറിയേറ്റിൽ തള്ളിയ ചില ഉദ്യോഗസ്ഥർ സിസിടിവി യിൽ കുടുങ്ങിയതായും സൂചനയുണ്ട്.

ഉച്ചഭക്ഷണം സ്റ്റീൽ പാത്രങ്ങളിലോ ,പ്ലാസ്റ്റിക് പാത്രങ്ങളിലോ മാത്രമേ കൊണ്ടുവരാവൂവെന്നും വരാന്തകളിലും മറ്റുമുള്ള ഫയലുകൾ എത്രയും വേഗം നീക്കണമെന്നും നിർദേശമുണ്ട്.

Post a Comment

Previous Post Next Post