യാത്രക്കാർക്ക് ‘പണി കൊടുത്ത് ’ ദേശീയപാത നിർമാണം; മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡോ ഇല്ല

(www.kl14onlinenews.com)
(25-May-2023)

യാത്രക്കാർക്ക് ‘പണി കൊടുത്ത് ’ ദേശീയപാത നിർമാണം; മുന്നറിയിപ്പ് ബോർഡുകളോ ബാരിക്കേഡോ ഇല്ല
പെരിയ: തകൃതിയായി നടക്കുന്ന ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ റോഡപകടങ്ങളും വർധിക്കുന്നു. മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാതെയും ബാരിക്കേഡുകൾ വയ്ക്കാതെയുമുള്ള നിർമാണമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. പെരിയയിൽ രണ്ടാഴ്ച മുൻപ് 2 യുവാക്കൾ സഞ്ചരിച്ച ബൈക്ക് ദേശീയപാതയിൽ കലുങ്കിനായി നിർമിച്ച കുഴിയിൽ വീണതിനു പിന്നാലെ കഴിഞ്ഞ ദിവസം ബട്ടത്തൂരിൽ കാർ നിയന്ത്രണം വിട്ട് ഓവുചാൽ നിർമിക്കുന്ന ഭാഗത്തേക്ക് പാഞ്ഞു കയറിയതും ഇവിടങ്ങളിൽ സൂചനാ ബോർഡുകൾ ഇല്ലാത്തതുകൊണ്ടാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

കൺമുൻപിലുണ്ട് അപകടം

ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡി(മെയിൽ)നാണ് ചെർക്കള മുതൽ പള്ളിക്കര നീലേശ്വരം പള്ളിക്കര വരെയുള്ള റീച്ചിന്റെ നിർമാണച്ചുമതല. യാത്രക്കാരുടെ സുരക്ഷയ്ക്ക് തെല്ലും വില കൽപിക്കാതെയാണ് കമ്പനിയുടെ നിർമാണമെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. പെരിയ ടൗണിൽ നിർമാണത്തിലിരുന്ന അടിപ്പാത തകർന്നപ്പോൾ തന്നെ കമ്പനിക്കെതിരെ വൻ പ്രതിഷേധമുയർന്നതാണ്.

പെരിയ നവോദയ വിദ്യാലയം, കുണിയ, പെരിയാട്ടടുക്കം, ചാലിങ്കാൽ മൊട്ട, കേന്ദ്ര സർവകലാശാലയുടെ മുൻവശം, മൂലക്കണ്ടം എന്നിവിടങ്ങളിലും മതിയായ സുരക്ഷാവേലികളില്ലാതെയാണ് ദേശീയപാതാ നിർമാണമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ സമാന അപകടം ഇവിടെയും ആവർത്തിക്കുമെന്നുമാണ് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നത്.

പ്രതിഷേധിക്കുമ്പോൾ മാത്രം ‘സുരക്ഷാവേലി’

രണ്ടു യുവാക്കൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കമ്പനി അധികൃതർക്കെതിരെ പെരിയ ബസാറിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ബൈക്ക് അപകടമുണ്ടായ കുഴിക്കു ചുറ്റും സുരക്ഷാവേലി തീർക്കാതെ നിർമാണ പ്രവൃത്തി തുടരാൻ അനുവദിക്കുകയില്ലെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകിയതോടെ തൊഴിലാളികൾ കുഴിക്കു ചുറ്റും വീപ്പകൾ നിരത്തി താൽക്കാലികമായ ‘സുരക്ഷാ’ മുന്നറിയിപ്പൊരുക്കുകയായിരുന്നു.

രാത്രി യാത്രയ്ക്കു വേണം, റിഫ്ലക്ടർ

ദേശീയപാതയിൽ നിർമാണം നടക്കുന്ന പല സ്ഥലങ്ങളിലും ഡ്രൈവർമാരുടെ രാത്രി യാത്രയും ചങ്കിടിപ്പോടെയാണ്. പാതയ്ക്കായി മണ്ണു നീക്കിയ സ്ഥലത്തും റോഡ് വഴിമാറിപ്പോകേണ്ട ഇടങ്ങളിലും മതിയായ റിഫ്ലക്ടറോ, സിഗ്നൽ ലൈറ്റുകളോ ഇല്ലാത്തത് ഡ്രൈവർമാരിലും ഭീതി ജനിപ്പിക്കുന്നു.

Post a Comment

Previous Post Next Post