ലോറസിന്റെ പ്രൗഢി പേറി മെസ്സി; പിറന്നത് പുതുചരിത്രം

(www.kl14onlinenews.com)

(09-May-2023)

ലോറസിന്റെ പ്രൗഢി പേറി മെസ്സി; പിറന്നത് പുതുചരിത്രം

ഇതിഹാസ സമാന കരിയറിൽ ലയണൽ മെസ്സിക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി കിട്ടിയിരിക്കുകയാണ്‌. മെയ് 8 തിങ്കളാഴ്‌ച വൈകുന്നേരം പാരീസിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റനും ഫിഫ ലോകകപ്പ് 2022 ചാമ്പ്യനുമായ ലയണൽ മെസ്സിയെ 2023ലെ ലോറസ് 'സ്‌പോർട്‌സ്‌മാൻ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു.

വ്യക്തിയെന്ന നിലയിലും മികച്ച ടീമിന്റെ ഭാഗമായും പുരസ്‌കാരം നേടുന്ന ആദ്യ കായികതാരമാണ് മെസ്സി. ജമൈക്കൻ സ്പ്രിന്റർ ഷെല്ലി-ആൻ ഫ്രേസർ മികച്ച വനിതാ താരത്തിനുള്ള ബഹുമതി സ്വന്തമാക്കി. 2022 ഡിസംബറിൽ തന്റെ കരിയറിലെ ആദ്യ ഫിഫ ലോകകപ്പ് നേട്ടത്തിലേക്ക് ലയണൽ മെസ്സി അർജന്റീന ടീമിനെ നയിച്ചു.

എക്‌സ്‌ട്രാ ടൈമിന്റെ അവസാനത്തിലും സ്‌കോറുകൾ 3-3ന് സമനിലയിലായതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് മെസ്സിയുടെ അർജന്റീന ചാമ്പ്യന്മാരായത്. നേരത്തെ 2020ൽ ഫോർമുല വൺ താരം ലൂയീസ് ഹാമിൽട്ടണുമായി പുരസ്‌കാരം മെസ്സി പങ്കിട്ടിരുന്നു.

"എനിക്ക് മുമ്പ് ലോറസ് സ്‌പോർട്‌സ്‌മാൻ ഓഫ് ദ ഇയർ അവാർഡ് നേടിയ അവിശ്വസനീയമായ ഇതിഹാസങ്ങളുടെ പേരുകൾ ഞാൻ നോക്കുകയായിരുന്നു. ഷൂമാക്കർ, വുഡ്‌സ്, നദാൽ, ഫെഡറർ, ബോൾട്ട്, ഹാമിൽട്ടൺ, ജോക്കോവിച്ച് എന്നിവർ. എന്തൊരു അതുല്യമായ ബഹുമതിയാണിത്" മെസ്സി പറഞ്ഞു.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100 ​​മീറ്റർ സ്വർണം ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസറിനെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ടെന്നീസ് താരം കാർലോസ് അൽകാരസ്‌ ലോറസ് ബ്രേക്ക് ത്രൂ പുരസ്‌കാരമാണ് നേടിയത്

Post a Comment

Previous Post Next Post