സ്വപ്‌നക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌ത്‌ എംവി ഗോവിന്ദൻ; പരാതി നൽകിയത് കോടതിയിൽ നേരിട്ടെത്തി

(www.kl14onlinenews.com)
(02-May-2023)

സ്വപ്‌നക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌ത്‌ എംവി ഗോവിന്ദൻ; പരാതി നൽകിയത് കോടതിയിൽ നേരിട്ടെത്തി

തളിപ്പറമ്പ്:
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ക്രിമിനൽ മാനനഷ്‌ട കേസ് ഫയൽ ചെയ്‌തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്‌ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും, ആരോപണം തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു. സമാന സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരുന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.

അതേസമയം, ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post