ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; ജാഗ്രത വര്‍ധിപ്പിച്ച് അധികൃതര്‍

(www.kl14onlinenews.com)
(24-May-2023)

ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; ജാഗ്രത വര്‍ധിപ്പിച്ച് അധികൃതര്‍
ബാംഗ്ലൂർ :
ബെംഗളൂരുവില്‍ കനത്ത മഴ. ഇന്നലെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമുണ്ടായി. ഇതേ തുടര്‍ന്ന് നഗരത്തിലുടനീളം താല്‍ക്കാലിക മണ്‍സൂണ്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനുളള ശ്രമത്തിലാണ് അധികാരികള്‍. ബെംഗളൂരുവില്‍ ഇന്ന് കനത്തമഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ബെംഗളൂരുവില്‍ മണ്‍സൂണിന് മുമ്പുള്ള മഴ നാശം വിതയ്ക്കുന്നത് തുടരുകയാണ്. മഴക്കെടുതിയില്‍, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 52 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരങ്ങള്‍ കടപുഴകി വീണുളള അപകടങ്ങളും, ഇടിമിന്നലേറ്റുളള മരണവുമുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവിന് പുറമെ പഴയ മൈസൂര്‍ മേഖലയിലും കനത്ത മഴ നാശം വിതച്ചു. നഗരത്തില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി മുടങ്ങി. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ നഗരത്തിലുടനീളം താല്‍ക്കാലിക മണ്‍സൂണ്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. മഴക്കെടുതി ദുരന്തനിവാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായും (ഡിസി) ജില്ലാ പഞ്ചായത്ത് സിഇഒമാരുമായും യോഗം ചേര്‍ന്നിരുന്നു.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ' മരിിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ ഇതിനകം 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. കൂടാതെ, കന്നുകാലികള്‍ നഷ്ടമായവര്‍ക്കും വീടുകള്‍ നഷ്ടമായവര്‍ക്കും നാശനഷ്ടങ്ങള്‍ വിലയിരുത്തി അടിയന്തര സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post