സമരമുഖം തുറന്ന് കർഷകർ; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ജന്തർ മന്തറിൽ

(www.kl14onlinenews.com)
(07-May-2023)

സമരമുഖം തുറന്ന് കർഷകർ; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ജന്തർ മന്തറിൽ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി​.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ സിങ്ങിന്‍റെ ലൈംഗികാതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമരം തുടരുന്ന താരങ്ങൾക്ക് ഐക്യദാർഢ്യവുമായി കർഷകരെത്തി. സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് വനിത താരങ്ങൾക്ക് പിന്തുണയറിച്ച് കർഷകർ പ്രതിഷേധത്തിൽ അണിചേർന്നത്. കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത് സമരക്കാർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഖാപ് പഞ്ചായത്തുകൾ താരങ്ങൾക്ക് പിന്തുണ നൽകിയതിന് പിന്നാലെയാണ് കർഷകരും പിന്തുണയുമായെത്തിയത്. സംയുക്ത കിസാൻ മോർച്ചയുടെ പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും കർഷകരും സമരപ്പന്തലിലെത്തി. അതേസമയം, കൂടുതൽ കർഷകർ സമരത്തിലേക്ക് എത്തുന്നത് തടയാൻ ഡൽഹി പൊലീസ് നീക്കം തുടങ്ങി. കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.

ഇത്തരം കേസുകളിൽ ഡൽഹി പൊലീസ് നടപടിയെടുക്കാറില്ലേയെന്ന് രാകേഷ് ടികായത് ചോദിച്ചു. എടുത്തിട്ടുണ്ടെങ്കിൽ ബ്രിജ് ഭൂഷനെയും അറസ്റ്റ് ചെയ്യണം. ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി എല്ലാവരും മുന്നോട്ട് വരണം. രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിയവരെയാണ് ഇന്ന് അവഗണിക്കുന്നത് -അദ്ദേഹം പറഞ്ഞു. ഖാപ് പഞ്ചായത്തുകളുമായി ചർച്ച നടത്തി ഭാവി സമരം തീരുമാനിക്കുമെന്നും ടികായത് വ്യക്തമാക്കി.

തങ്ങൾക്ക് നൽകിയ പിന്തുണക്ക് വിനേഷ് ഫോഗട്ടും സാക്ഷി മാലികും കർഷകർക്ക് നന്ദി അറിയിച്ചു. 'ഞങ്ങൾ നിങ്ങളുടെ പെൺമക്കളാണ്. പിന്തുണക്ക് നന്ദി. ഇത്തരം അനീതികൾക്കെതിരെ പോരാടുന്ന എല്ലാ പെൺമക്കൾക്കും നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്' -വിനേഷ് ഫോഗട്ട് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. നിരന്തര ലൈംഗികാതിക്രമം ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്നുണ്ടായെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. പരാതി നൽകിയിട്ടും ബ്രിജ് ഭൂഷനെതിരെ നടപടിയല്ലാത്ത സാഹചര്യത്തിലാണ് താരങ്ങളുടെ സമരം. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റങ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ താരങ്ങൾ സമരപ്പന്തലിലുണ്ട്.

Post a Comment

Previous Post Next Post