മനം കീഴടക്കി റിങ്കു സിക്‌സര്‍, കൊൽക്കത്ത പൊരുതി കീഴടങ്ങി; ഒറ്റ റൺ വിജയത്തോടെ ലക്നൗ പ്ലേ ഓഫിൽ

(www.kl14onlinenews.com)
(20-May-2023)

മനം കീഴടക്കി റിങ്കു സിക്‌സര്‍, കൊൽക്കത്ത പൊരുതി കീഴടങ്ങി; ഒറ്റ റൺ വിജയത്തോടെ ലക്നൗ പ്ലേ ഓഫിൽ

കൊൽക്കത്ത: ഐതിഹാസിക പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒറ്റ റണ്ണിനു വീഴ്ത്തി ലക്നൗ സൂപ്പർ ജയന്റ്സ് ഐപിഎൽ പ്ലേ ഓഫിൽ. ആവേശം അവസാന പന്തുവരെ കൂട്ടിനെത്തിയ മത്സരത്തിലാണ് ലക്നൗ കൊൽക്കത്തയെ ഒറ്റ റണ്ണിനു തോൽപ്പിച്ചത്. അവസാന രണ്ട് ഓവറിലെ തകർപ്പൻ പോരാട്ടവുമായി കൊൽക്കത്തയുടെ പ്രതീക്ഷകൾ അവസാന പന്തുവരെ നീട്ടിയെടുത്ത റിങ്കു സിങ്ങിന്റെ പോരാട്ടം വിഫലമായത് ആരാധകർക്ക് വേദനയായി. അവസാന രണ്ട് ഓവറിൽ വിജയത്തിലേക്ക് 41 റൺസ് വേണ്ടിയിരിക്കെ, റിങ്കുവും വൈഭവ് അറോറയും ചേർന്ന് അടിച്ചുകൂട്ടിയത് 39 റൺസാണ്. ഇതിൽ വൈഭവിന്റെ സംഭാവന ഒരു റൺ മാത്രം. തോൽവിയോടെ കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി.
ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്കു ശേഷം ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമാണ് ലക്നൗ സൂപ്പർ ജയന്റ്സ്. ലക്നൗ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്കു നേടാനായത് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസ്. റിങ്കു സിങ് 33 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 67 റൺസുമായി പുറത്താകാതെ നിന്നു. റിങ്കുവിനു പുറമെ കൊൽക്കത്ത നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് ഓപ്പണർ ജെയ്സൻ റോയ് (28 പന്തിൽ 45), വെങ്കടേഷ് അയ്യർ (15 പന്തിൽ 24) എന്നിവർ മാത്രം.

അവസാന രണ്ട് ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 41 റൺസ്. കൊൽക്കത്തയുടെ പ്രതീക്ഷകൾ മുഴുവൻ തോളിലേറ്റി റിങ്കു സിങ്ങിന്‍റെ ബാറ്റിങ്. 19–ാം ഓവറിൽ നവീൻ ഉൾ ഹഖിന്‍റെ ആദ്യ മൂന്ന് പന്തുകളും അതിർത്തി കടത്തിയ റിങ്കു നാലാം പന്തിൽ രണ്ട് റൺസ് സ്വന്തമാക്കി. അഞ്ചാം പന്തിൽ കൂറ്റൻ സിക്സ്. അവസാന പന്തിൽ റിങ്കു സിങ്ങിന് റൺസ് ഒന്നും നേടാനായില്ല. ഇതോടെ 19–ാം ഓവറിൽ പിറന്നത് 20 റൺസ്.

ആറ് പന്തിൽ 21 റൺസ് എന്ന ലക്ഷ്യവുമായി അവസാന ഓവർ നേരിട്ട കൊൽക്കത്തയ്ക്കായി ആദ്യ പന്തിൽ വൈഭവ് അറോറയുടെ സിംഗിൾ. ഇതോടെ വീണ്ടും റിങ്കു സിങ്ങിന് സ്ട്രൈക്ക്. യഷ് ഠാക്കൂർ വൈഡ് എറിഞ്ഞെങ്കിലും അടുത്ത പന്ത് റിങ്കുവിന് ബാറ്റിൽ കിട്ടിയില്ല. നാലാം പന്തിൽ സിംഗിൾ എടുക്കാൻ സാധിക്കുന്ന സാഹചര്യം വന്നെങ്കിലും റിങ്കു സിങ് ഓടാൻ തയ്യാറായില്ല. ഠാക്കൂർ എറിഞ്ഞ അടുത്ത പന്ത് വീണ്ടും വൈഡ്. മൂന്ന് പന്തിൽ 18 റൺസ് എന്ന വിജയലക്ഷ്യത്തെ റിങ്കു വരവേറ്റതോടെ സിക്സുമായി. മത്സരം ആവേശക്കൊടുമുടി കയറിയ നിമിഷങ്ങൾ. തൊട്ടടുത്ത പന്തിൽ റിങ്കുവിന്റെ സിക്സറിനുള്ള ശ്രമം ഫോറിൽ അവസാനിച്ചു. ഇതോടെ അവസാന പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് എട്ടു റൺസ്. അവസാന പന്തിൽ റിങ്കു സിക്സ് നേടിയെങ്കിലും ഒരു റണ്ണിന് ലക്നൗ ജയം സ്വന്തമാക്കി.

കൊൽക്കത്ത നിരയിൽ ക്യാപ്റ്റൻ നിതീഷ് റാണ 10 പന്തിൽ എട്ട് റൺസിനും റഹ്മാനുള്ള ഗുർബാസ് 14 പന്തിൽ പത്ത് റൺസിനും ആന്ദ്രെ റസൽ ഒന്‍പത് പന്തിൽ ഏഴു റൺസിനും ശാർദുൽ ഠാക്കൂർ ഏഴ് പന്തിൽ മൂന്ന് റൺസിനും സുനില്‍ നരെയ്ന്‍ രണ്ട് പന്തിൽ ഒരു റണ്ണിനും പുറത്തായി. ലക്നൗ സൂപ്പർ ജയന്‍റസിനായി രവി ബിഷ്ണോയ്, യഷ് ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ക്രൂനാൽ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ലക്നൗ വക ‘പുരാൻ പൂരം’

നേരത്തെ, തകർത്തടിച്ച് അർധസെഞ്ചറി നേടിയ നിക്കൊളാസ് പുരാനാണ് ലക്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. പുരാൻ 30 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 58 റൺസെടുത്ത് പുറത്തായി. അവസാന രണ്ടു പന്തുകളിൽ സിക്സും ഫോറും കണ്ടെത്തിയ കൃഷ്ണപ്പ ഗൗതമാണ് ലക്നൗ സ്കോർ 176ൽ എത്തിച്ചത്.

27 പന്തിൽ 28 റൺസുമായി ക്വിന്റൻ ഡികോക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. 21 പന്തിൽ 25 റൺസാണ് ബദോനി നേടിയത്. പ്രേരക് മങ്കാദ് 16 പന്തിൽ 21 റൺസെടുത്ത് പുറത്തായി. കരൺ ശർമ (അഞ്ച് പന്തിൽ മൂന്ന്), മാർക്കസ് സ്റ്റോയ്നിസ് (0), ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ (എട്ടു പന്തിൽ ഒൻപത്), രവി ബിഷ്ണോയ് (രണ്ടു പന്തിൽ രണ്ട്) എന്നിവർ നിരാശപ്പെടുത്തി. നവീൻ ഉൾ ഹഖ് മൂന്നു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍, വൈഭവ് അറോറ, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Post a Comment

Previous Post Next Post