'പോലീസ് വകുപ്പിലെ കാവിവൽക്കരണം അനുവദിക്കില്ല': ഉദ്യോഗസ്ഥർക്ക് ഡികെ ശിവകുമാറിന്റെ കർശന താക്കീത്

(www.kl14onlinenews.com)
(23-May-2023)

'പോലീസ് വകുപ്പിലെ കാവിവൽക്കരണം അനുവദിക്കില്ല': ഉദ്യോഗസ്ഥർക്ക് ഡികെ ശിവകുമാറിന്റെ കർശന താക്കീത്
ബാംഗ്ലൂർ :
പോലീസ് വകുപ്പിലെ കാവിവൽക്കരണം തൻ്റെ സർക്കാർ അനുവദിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് ദിവസങ്ങൾക്ക് ശേഷം, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് ഉപമുഖ്യമന്ത്രിയുടെ താക്കിത്. മുൻ ബിജെപി ഭരണത്തിൻ കീഴിലുള്ള കർണാടകയിലെ ചില സംഭവ വികാസങ്ങൾ ഡികെ ശിവകുമാർ ചൂണ്ടിക്കാണിച്ചെന്ന് വൃത്തങ്ങൾ അറിയിച്ചു.
“നിങ്ങൾ പോലീസ് വകുപ്പിനെ കാവിവൽക്കരിക്കാൻ പോവുകയാണോ? ഇത് നമ്മുടെ സർക്കാർ അനുവദിക്കില്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് നിങ്ങൾ വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാം. രാജ്യത്തോട് ബഹുമാനമുണ്ടെങ്കിൽ ദേശീയ പതാകയ്ക്ക് വേണ്ടി പ്രവർത്തിക്കണം'' ഡികെ ശിവകുമാർ പറഞ്ഞു.

“ നമ്മുടെ സർക്കാർ പോലീസ് വകുപ്പിലെ കാവിവൽക്കരണം അനുവദിക്കില്ല,” അദ്ദേഹം ആവർത്തിച്ചു.
പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതിയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ഡികെ ശിവകുമാർ, വകുപ്പിനെ ശക്തമായി വിമർശിച്ചു.

അഴിമതി വെളിച്ചത്തുകൊണ്ടുവന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെയെ പോലീസ് പീഡിപ്പിക്കുകയാണെന്നും ശിവകുമാർ ആരോപിച്ചു. “രാജ്യത്തുടനീളം കർണാടക പോലീസ് ഡിപ്പാർട്ട്‌മെന്റിന് നല്ല പ്രശസ്തി ഉണ്ടായിരുന്നു. ആ പ്രശസ്തി നിങ്ങൾ നശിപ്പിച്ചു. എവിടെ നോക്കിയാലും അഴിമതിയാണ്'' ഡികെ ശിവകുമാർ പറഞ്ഞു.

ബിജെപി ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ പോലീസ് കള്ളക്കേസുകൾ ചുമത്തിയെന്നും ഡികെ ശിവകുമാർ പറഞ്ഞു, "പണ്ട് ഞങ്ങൾ PayCM പ്രചാരണം നടത്തിയപ്പോൾ നിങ്ങൾ എന്നോടും സിദ്ധരാമയ്യയോടും എങ്ങനെ പെരുമാറിയെന്ന് എനിക്കറിയാം. നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പ്രവർത്തകർക്കെതിരെ ആയിരക്കണക്കിന് കള്ളക്കേസുകൾ ചുമത്തിയിട്ടുണ്ട്, എന്നാൽ എതിർകക്ഷിക്കെതിരെ കേസെടുത്തിട്ടില്ല''. പോലീസ് ഉദ്യോഗസ്ഥർ ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

''ഈ സർക്കാരിൽ നിന്ന് വലിയ മാറ്റമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അത് പോലീസ് വകുപ്പിൽ നിന്നു തന്നെ തുടങ്ങണം. ഈ സർക്കാരിൽ നിന്നുള്ള മാറ്റത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണം. നിങ്ങളുടെ മുൻകാല പെരുമാറ്റം ഞങ്ങളുടെ സർക്കാരിൽ നടക്കില്ല,” ഡികെ ശിവകുമാർ പറഞ്ഞു.

അതെ സമയം, സദാചാര പോലീസിംഗിൽ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അതേ യോഗത്തിൽ പോലീസിന് നിർദ്ദേശം നൽകി. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ, ഒരു സദാചാര പോലീസിംഗും വെച്ചുപൊറുപ്പിക്കരുതെന്ന് സിദ്ധരാമയ്യ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post