സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം; തലസ്ഥാനത്ത് വാഹന നിയന്ത്രണം

(www.kl14onlinenews.com)
(20-May-2023)

സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം; തലസ്ഥാനത്ത് വാഹന നിയന്ത്രണം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നത്. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.

സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം പുരോഗമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സമരം ശക്തമായതോടെ നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ചാണ് യുഡിഎഫ്. പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വിവിധ ഗേറ്റുകള്‍ക്കു മുന്നില്‍ യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്ഷനിലെ ഫ്‌ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Post a Comment

Previous Post Next Post