അഹമ്മദാബാദില്‍ ഇന്ന് മഴ ജയിച്ചു; ചെന്നൈ – ഗുജറാത്ത് ഫൈനല്‍ നാളെ

(www.kl14onlinenews.com)
(28-May-2023)

അഹമ്മദാബാദില്‍ ഇന്ന് മഴ ജയിച്ചു; ചെന്നൈ – ഗുജറാത്ത് ഫൈനല്‍ നാളെ
അഹമ്മദാബാദ് : മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മഴയോടു തോല്‍വി സമ്മതിച്ച് ഇന്ത്യൻ പ്രീമിയര്‍ ലീഗ് സംഘാടകർ. ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം തിങ്കളാഴ്ച രാത്രി 7.30ന് നടക്കും. ഞായറാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇടയ്ക്കു തോര്‍ന്നെങ്കിലും, വീണ്ടുമെത്തിയതോടെയാണ് കളി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

Special promo
രാത്രി ഒമ്പതു മണിയോടെ ശമിച്ച മഴയാണ് വീണ്ടുമെത്തിയത്. ഇതോടെ പിച്ച് വീണ്ടും മൂടി. പിച്ച് മൂടിയിരുന്ന കവറുകൾ പൂർണമായും നീക്കിയിരുന്നു. ചില താരങ്ങൾ പരിശീലനത്തിനായി മൈതാനത്തേയ്ക്ക് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ മഴ വീണ്ടും കനത്തു. ഞായറാഴ്ചത്തെ അതേ ടിക്കറ്റിൽ തിങ്കളാഴ്ച ആരാധകർക്കു കളി കാണാം.

വൈകിട്ട് ആറരയോടെയാണു ചാറ്റൽ മഴ തുടങ്ങിയത്. പിന്നീട് ഇടിമിന്നലോടുകൂടിയ മഴയാണ് അഹമ്മദാബാദിൽ പെയ്തിറങ്ങിയത്. എട്ടരയായപ്പോൾ മഴ ചെറുതായൊന്നു ശമിച്ചെങ്കിലും പിന്നീട് വീണ്ടും ശക്തിപ്പെട്ടു. രാത്രി 9.35ന് എങ്കിലും മത്സരം ആരംഭിച്ചിരുന്നെങ്കിൽ മാത്രമേ ഓവറുകള്‍ വെട്ടിക്കുറയ്ക്കാതെ കളിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഫൈനൽ പോരാട്ടത്തിന് റിസർവ് ദിനം ഉണ്ടെന്ന് ഐപിഎൽ സംഘാടകർ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, തിങ്കളാഴ്ചയും അഹമ്മദാബാദില്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ മഴ പ്രവചിച്ചിട്ടുണ്ട്. ഇതോടെ ഐപിഎല്‍ ഫൈനലിന്‍റെ കാര്യത്തിലെ അനിശ്ചിതത്വം നീളുകയാണ്.

ബാറ്റിങ്ങിനെ സഹായിക്കുന്ന വിക്കറ്റാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. 187 റൺസാണ് ഈ ഐപിഎലിൽ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. ന്യൂബോളിൽ പേസ് ബോളർമാർക്കു പിന്തുണ ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റിങ്ങിന് അനുകൂലമാകും. സീസണിൽ ഇവിടെ നടന്ന 6 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീം മൂന്നും രണ്ടാമത് ബാറ്റ് ചെയ്ത ടീം മൂന്നും മത്സരങ്ങൾ ജയിച്ചു. ഐപിഎലിൽ കഴിഞ്ഞ 2 സീസണുകളിലുമായി 4 തവണയാണ് ചെന്നൈയും ഗുജറാത്തും നേർക്കുനേർ വന്നത്. ഇതിൽ 3 തവണയും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ചെന്നൈയുടെ ഏക ജയം ഇത്തവണ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ.

ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ പത്തും ജയിച്ച് 20 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫിൽ എത്തിയത്. 14 മത്സരങ്ങളിൽ നിന്ന് 8 ജയവുമായി 17 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ലക്നൗവിനെതിരെ മത്സരത്തിൽ മഴ മൂലം പോയിന്റ് പങ്കുവച്ചു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപിച്ച് ചെന്നൈ ഫൈനലിൽ കടന്നപ്പോൾ എലിമിനേറ്ററിൽ മുംബൈയെ തകർത്താണ് ഗുജറാത്തിന്റെ ഫൈനൽ പ്രവേശം.

Post a Comment

أحدث أقدم