'യൂത്ത് കെയര്‍ പ്രവര്‍ത്തനം അഭിമാനം, സഹപ്രവര്‍ത്തകരെ മറക്കില്ല'; രമേശ് ചെന്നിത്തലയോട് ഷാഫി പറമ്പില്‍

(www.kl14onlinenews.com)
(03-May-2023)

'യൂത്ത് കെയര്‍ പ്രവര്‍ത്തനം അഭിമാനം, സഹപ്രവര്‍ത്തകരെ മറക്കില്ല'; രമേശ് ചെന്നിത്തലയോട് ഷാഫി പറമ്പില്‍
പാലക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കാനുണ്ടെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. യൂത്ത് കെയര്‍ പ്രവര്‍ത്തനം അഭിമാനമാണെന്നും സഹപ്രവര്‍ത്തകരെ മറക്കില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

'ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്‌ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ ധീരമായി നേതൃത്വം നല്‍കുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.' ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാസര്‍ഗോഡ് ജില്ലാ യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കൊവിഡ് കാലത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളും പൊതിച്ചോറ് വിതരണവും എടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'കൊവിഡ് സമയത്ത് നമ്മള്‍ 'യൂത്ത് കെയര്‍' ഉണ്ടാക്കി. പക്ഷെ 'കെയര്‍' മാത്രം ഉണ്ടാക്കിയില്ല. അതേസമയം ഡിവൈഎഫ്‌ഐക്കാര്‍ സജീവമായി. മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി ഉച്ച ഊണ്‍ വിതരണം നടത്തുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ കൂടുതല്‍ സജീവമാവണം. അതിലൂടെ അവരെ കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റണം', എന്നാണ് രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

ഡിവൈഎഫ്‌ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വീഡിയോ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം പങ്കുവെച്ചു. നല്ല അഭിപ്രായം പറഞ്ഞ രമേശ് ചെന്നിത്തലയ്ക്ക് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post