'ബിജെപിയുടെ കൊള്ള അവസാനിപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യൂ'; സോണിയ ഗാന്ധി

(www.kl14onlinenews.com)
(07-May-2023)

'ബിജെപിയുടെ കൊള്ള അവസാനിപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യൂ'; സോണിയ ഗാന്ധി
ബാംഗ്ലൂർ :
കർണാടകയിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മെയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്യാൻ അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ബിജെപിയുടെ കൊള്ളയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കർണാടകയ്‌ക്കോ രാജ്യത്തിനോ പുരോഗതി കൈവരിക്കാനാകില്ലെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് വേണ്ടി ഹുബ്ബള്ളിയിൽ പ്രചാരണം നടത്തിയ സോണിയ ഗാന്ധി, സംസ്ഥാനത്ത് തങ്ങളെ വിജയിപ്പിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ അനുഗ്രഹം ലഭിക്കില്ലെന്ന് ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു.

നേതാക്കളുടെ വിധി നിർണ്ണയിക്കുന്നത് ജനങ്ങളാണ്. ബിജെപിയുടെ കൊള്ള തടയാൻ, ദയവായി മെയ് 10ന് കോൺഗ്രസിന് വോട്ട് ചെയ്‌ത്‌ ഞങ്ങൾക്ക് ഭൂരിപക്ഷം നൽകുക," ബിജെപി കോട്ടയായി കണക്കാക്കപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ നടന്ന റാലിയിൽ അവർ പറഞ്ഞു. "ബിജെപിയുടെ കൊള്ളയും വിദ്വേഷവും അവസാനിപ്പിക്കാതെ കർണാടകക്കോ ഇന്ത്യക്കോ പുരോഗതി കൈവരിക്കാനാകില്ല" അവർ കൂട്ടിച്ചേർത്തു.

"നമുക്ക് കർണാടകയെ കമ്മീഷനിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കണം. അഞ്ച് വർഷം മുമ്പ് കോൺഗ്രസ് കർണാടകയിൽ കഠിനാധ്വാനം ചെയ്‌തു. ഹിമാചൽ പ്രദേശിൽ നൽകിയ എല്ലാ വാഗ്‌ദാനങ്ങളും ഞങ്ങൾ നിറവേറ്റുകയാണ്. കർണാടകയിൽ ഞങ്ങളുടെ വാഗ്‌ദാനങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ എല്ലാ വാഗ്‌ദാനങ്ങളും കോൺഗ്രസ് നിറവേറ്റുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കായി പ്രവർത്തിക്കാൻ ഞങ്ങൾ ഞങ്ങളുടെ ഹൃദയം നൽകും." ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരായ കോൺഗ്രസിന്റെ അഴിമതി ആരോപണം ആവർത്തിച്ച് സോണിയ ഗാന്ധി പറഞ്ഞു.

"അവർ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല. പാർലമെന്റിനെ പോലും അവർ ശ്രദ്ധിക്കുന്നില്ല. എല്ലാം അവരുടെ കീശയിലാണെന്ന് അവർ കരുതുന്നു" സോണിയ വിമർശനം ശക്തമാക്കി. അതേസമയം, ഹുബ്ബള്ളിയിൽ, ജഗദീഷ് ഷെട്ടറും ബിജെപിയുടെ മഹേഷ് തെങ്കിങ്കൈയും തമ്മിലുള്ള പോരാട്ടം ഭരണകക്ഷിയായ ബിജെപിക്കും കോൺഗ്രസിനും അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ്.

സംസ്ഥാനത്ത് നിന്നുള്ള എഐസിസി പ്രസിഡന്റ് എം മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കർണാടകയിൽ വിപുലമായ പ്രചാരണമാണ് നടത്തുന്നത്.

Post a Comment

Previous Post Next Post