ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ ഡൽഹിയിലേക്ക്

(www.kl14onlinenews.com)
(07-May-2023)

ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ ഡൽഹിയിലേക്ക്
ഡൽഹി :
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് കർഷകർ മെയ് 7 ഇന്ന് ജന്തർമന്തറിലെത്തും. സംയുക്ത കിസാൻ മോർച്ചയുടെ ബാനറിന് കീഴിൽ കർഷകർ വനിതാ ഗുസ്‌തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദേശീയതലത്തിൽ പ്രക്ഷോഭവും പ്രതിഷേധ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുസ്‌തി താരങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഖാപ് സംഘടനകൾ ഡൽഹിയിലെ ജന്തർ മന്തറിൽ വിളിച്ച മഹാപഞ്ചായത്തിന് ഒരു ദിവസം മുന്നോടിയായാണ് പ്രഖ്യാപനം. പോക്‌സോ നിയമപ്രകാരം രണ്ട് എഫ്‌ഐആറുകൾ നേരിടുന്ന ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് കർഷകസംഘം ആവശ്യപ്പെട്ടു.

മെയ് 7 ഇന്ന് , പഞ്ചാബ്, ഹരിയാന, ഡൽഹി, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സംയുക്ത കിസാൻ മോർച്ചയുടെ നിരവധി മുതിർന്ന നേതാക്കളും നൂറുകണക്കിന് കർഷകരും ഗുസ്‌തി താരങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലം സന്ദർശിക്കും.

ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർ, കേന്ദ്ര കായിക മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരിലേക്ക് എസ്‌കെഎം നേതാക്കൾ ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്നും പ്രതീക്ഷിക്കുന്നു. മെയ് 11 മുതൽ 18 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും കർഷക യൂണിയൻ പാൻ ഇന്ത്യ പ്രക്ഷോഭം സംഘടിപ്പിക്കും.

ഡൽഹി പോലീസ് വേണ്ടത്ര ഗൗരവത്തോടെ പ്രവർത്തിക്കുന്നില്ലെന്നും പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് അടിസ്ഥാന പൗരാവകാശങ്ങൾ നിഷേധിക്കുന്നതിനെ അപലപിക്കുന്നതായും എസ്‌കെഎം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ മുൻനിര ഗുസ്‌തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരും മറ്റ് ഗുസ്‌തി താരങ്ങളും ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമവും ഭീഷണിയും ആരോപിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ ഏപ്രിൽ മുതൽ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്. എന്നാൽ തന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധമെന്നാണ് ബ്രിജ് ഭൂഷൺ സിംഗ് അവകാശപ്പെടുന്നത്.

Post a Comment

Previous Post Next Post