മെഡിക്കൽ വിദ്യാർഥിനിക്കു നേരെ ട്രെയിനിൽ ലൈംഗിക അതിക്രമം: തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ പ്രതി പിടിയിൽ

(www.kl14onlinenews.com)
(24-May-2023)

മെഡിക്കൽ വിദ്യാർഥിനിക്കു നേരെ ട്രെയിനിൽ ലൈംഗിക അതിക്രമം: തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: ട്രെയിന്‍യാത്രക്കിടെ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിലായി. തൃശൂർ കാഞ്ഞാണി സ്വദേശി കെ.വി. സനീഷാണ് (45) പിടിയിലായത്.

ചൊവ്വാഴ്ച രാത്രി വൈകി കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇയാളെ ആളുകൾ തിരിച്ചറിയുകയായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ–മംഗളൂർ എക്സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരിയിൽ നിന്ന് ട്രെയിനിൽ കയറിയ സനീഷ് നീലേശ്വരം റെയിൽവെ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ഇയാളുടെ ഫോട്ടോ പകർത്തിയിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത കാസർകോട് റെയിൽവേ പൊലീസ്, ഈ ഫോട്ടോ പുറത്തുവിടുകയും കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

ട്രെയിനിൽ ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് നൽകിയിരുന്നെന്നും സീറ്റില്‍ ഇരിന്നിട്ടും മോശമായി പെരുമാറുകയായിരുന്നെന്നും വിദ്യാർഥിനി പരാതിയില്‍ പറഞ്ഞു.

Post a Comment

Previous Post Next Post