കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ

(www.kl14onlinenews.com)
(16-May-2023)

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ
ന്യൂഡൽഹി∙l: മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കും. നിലവിൽ ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണ് വിവരം. സോണിയ ഇന്നു രാത്രിയോടെ ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. സിദ്ധരാമയ്യയുമായും കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറുമായും സോണിയ ഗാന്ധി ചർച്ച നടത്തും. ഇതിനുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാറിനെ അറിയിക്കും. പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കെന്നത് ഡികെയെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രി പദത്തിനായി ഡികെയും അവകാശവാദം ഉന്നയിച്ചിരുന്നു. മല്ലികാർജുൻ ഖർഗെയും ഡികെയും തമ്മിലുള്ള ചർച്ച തുടരുകയാണ്. സിദ്ധരാമയ്യ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.

വിഷയത്തിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകള്‍ പുരോഗമിക്കുന്നത്. ഹൈക്കമാൻഡ് നിർദേശപ്രകാരം ഇന്ന് ഡൽഹിയിലെത്തിയ ഡികെ, ‘പാർട്ടി അമ്മയെപോലെയാണ്, മകന് ആവശ്യമായത് പാർട്ടി നൽകും’ എന്ന് പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങൾ ഡൽഹിയിലേക്ക് മാറ്റിയത്. സിദ്ധരാമയ്യ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു.

Post a Comment

Previous Post Next Post