താനൂർ ബോട്ടപകടം: മരണം 18 ആയി, മരിച്ചവരിൽ ആറു കുട്ടികളും

(www.kl14onlinenews.com)
(07-May-2023)

താനൂർ ബോട്ടപകടം: മരണം 18 ആയി, മരിച്ചവരിൽ ആറു കുട്ടികളും
മലപ്പുറം: താനൂരിൽ ബോട്ട് മറിഞ്ഞ് 18 മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ആറു കുട്ടികളുൾപ്പെടുന്നു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.

ഞായറാഴ്ച ആയതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തുടക്കത്തിൽ രക്ഷാപ്രവർത്തനം നടന്നത്. ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേർ ബോട്ടിലുണ്ടായിരുന്നതായിപറയുന്നു.

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകളെത്തി. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്

ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി


മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

Post a Comment

Previous Post Next Post