പേപ്പർ ബോ‍ർഡിങ് പാസുകൾ നിർത്തലാക്കാൻ എമിറേറ്റ്സ്; മേയ് 15 മുതൽ മൊബൈൽ ബോർഡിങ് പാസ്

(www.kl14onlinenews.com)
(12-May-2023)

പേപ്പർ ബോ‍ർഡിങ് പാസുകൾ നിർത്തലാക്കാൻ എമിറേറ്റ്സ്; മേയ് 15 മുതൽ മൊബൈൽ ബോർഡിങ് പാസ്
ദുബായ്:പേപ്പർ ബോർഡിങ് പാസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ നടപടികളുമായി എമിറേറ്റ്സ്. ദുബായിൽ നിന്നു മേയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിനു പകരം മൊബൈൽ ബോർഡിങ്ങ് പാസ് ഉപയോഗിക്കണമെന്ന് എമിറേറ്റ്സ് നിർദേശം. ടെർമിനൽ മൂന്നിലെത്തുന്ന യാത്രക്കാർക്കു ഇമെയിൽ വഴിയോ മെസേജ് വഴിയോ മൊബൈൽ ബോർഡിങ് പാസ് ലഭിക്കും. ഓൺലൈനായി ചെക്കിൻ ചെയ്യുന്ന യാത്രക്കാർക്കു തങ്ങളുടെ ആപ്പിൾ വാലറ്റിലോ അല്ലെങ്കിൽ ഗൂഗിൾ വാലറ്റിലോ ബോർഡിങ് പാസ് ലഭ്യമാകും. എമിറേറ്റ്സ് ആപ്പിലും പാസ് ലഭ്യമാകും.

യാത്രക്കാർക്ക് മെയിൽ വഴിയോ അല്ലെങ്കിൽ എമിറേറ്റ്സ് ആപ്പിൽ നിന്നോ ബാഗേജ് രസീത് ലഭ്യമാകും. പേപ്പർ വേസ്റ്റ് കുറയ്ക്കുന്നതിനൊപ്പം വേഗത്തിലും എളുപ്പത്തിലുമുള്ള ചെക്ക് ഇൻ ചെയ്യാൻ യാത്രക്കാരെ സഹായിക്കുന്നതാണ് മൊബൈൽ ബോർഡിങ് പാസ്. എയർപോർട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ മൊബൈൽ ബോർഡിങ് പാസിലെ ക്യുആർ കോ‍ഡ് എമിറേറ്റ്സ് ഏജൻറുമാരോ എയർപോർട്ട് സ്റ്റാഫുകളോ സ്കാൻ ചെയ്യും.

എന്നിരുന്നാലും ചില യാത്രക്കാർക്ക് പ്രിൻറ് ബോർഡിങ് പാസ് ആവശ്യമാണ്. കുട്ടികളുമായി യാത്ര ചെയ്യുന്നവർ, പ്രത്യേക സഹായം ആവശ്യമുള്ള ആളുകൾ, ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർ, യുഎസിലേക്കുള്ള യാത്രക്കാർ എന്നിവർക്ക് പ്രിന്റ് ബോർഡിങ് പാസ് വേണം. അതേസമയം മൊബൈൽ ബോർഡിങ് പാസ് എടുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഉള്ളവർക്കും പ്രിന്റ് പാസ് കിട്ടും. മൊബൈൽ ഫോൺ ഇല്ലാത്ത/പ്രവർത്തിക്കാത്തവർക്കും മെസേജ് ഡെലിവറി താമസിക്കുക, വൈഫൈ, ഡാറ്റാ ഉപയോഗിക്കാൻ സാധിക്കാത്ത അവസരങ്ങളിലും പ്രിന്റ് ബോർഡിങ് പാസ് ലഭിക്കും.

Post a Comment

Previous Post Next Post