വന്ദേഭാരത് എക്‌സ്പ്രസ്: ഭക്ഷണത്തിനായി ഈടാക്കുന്നത് 65 മുതല്‍ 350 രൂപ വരെ

(www.kl14onlinenews.com)
(24-April-2023)

വന്ദേഭാരത് എക്‌സ്പ്രസ്: ഭക്ഷണത്തിനായി ഈടാക്കുന്നത് 65 മുതല്‍ 350 രൂപ വരെ
കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസ് ട്രയിനില്‍ ഭക്ഷണത്തിനായി ഈടാക്കുന്നത് 65 രൂപ മുതല്‍ 350 രൂപ വരെ. ദൈര്‍ഘ്യം കുറഞ്ഞ യാത്രാ ടിക്കറ്റിനൊപ്പമാണ് 65 രൂപയുടെ ഭക്ഷണം ലഭിക്കുന്നത്. ദൈര്‍ഘ്യം കൂടിയ യാത്രയാണെങ്കില്‍ 350 രൂപയുടെ ആഹാരം ലഭിക്കും.ഭക്ഷണം ഉള്‍പ്പെടുത്താതെയും യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ കഴിയും.

ഒരേ ദൈര്‍ഘ്യമുള്ള യാത്രയാണെങ്കിലും ചെയര്‍കാര്‍, എക്സിക്യൂട്ടീവ് കാര്‍ എന്നിവയില്‍ ഭക്ഷണത്തിന് വ്യത്യസ്ത നിരക്കായിരിക്കും. ചുരുങ്ങിയ ദൂരത്തെ യാത്രയ്ക്ക് ചെയര്‍കാറില്‍ 65 രൂപയുടെ ഭക്ഷണവും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 105 രൂപയുടെ ഭക്ഷണവും ലഭിക്കും. കാസര്‍കോട്-തിരുവനന്തപുരം യാത്രയ്ക്ക് ഭക്ഷണത്തിനായി മുടക്കേണ്ട തുക 290 ആണ്. എക്‌സിക്യൂട്ടില്‍ ഇത് 350 രൂപ വരും. ജൂസ് അടക്കമുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇതിലുണ്ടാകും.
വന്ദേഭാരതില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണം വേണമെങ്കില്‍ പണം നല്‍കേണ്ടിവരും. തീവണ്ടിയില്‍ പാന്‍ട്രി കാര്‍ ഉണ്ടാകില്ല. ആഹാരം ബേസ് സ്റ്റേഷനുകളില്‍നിന്നായിരിക്കും എത്തിക്കുന്നത്. ചൂട്, തണുപ്പ് ആവശ്യമായ ആഹാരം വണ്ടിക്കുള്ളിലെ അറകളില്‍ സൂക്ഷിക്കും. ആവശ്യമായ വെളളവും വിതരണം ചെയ്യും.
വന്ദേഭാരതിലെ ഭക്ഷണത്തിന്റെ മെനു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചെന്നൈയില്‍ ഓടുന്ന വന്ദേഭാരതിന് സമാനമായിരിക്കുമിതെന്നാണ് സൂചന. ചെന്നൈ-മൈസൂരു വന്ദേഭാരതില്‍ പുലര്‍ച്ചെ 5.50ന് ലഭിക്കുന്നത് ചായ/കാപ്പി, ബിസ്‌കറ്റ്. പ്രഭാത ഭക്ഷണം ഇഡ്ഡലി, വട തുടങ്ങിയവ. നോണ്‍ വെജ് വിഭാഗത്തില്‍ ബ്രഡ് ഓംലെറ്റ്, കട്‌ലറ്റ്. ശേഷം ഒരു കൂള്‍ ഡ്രിങ്ക്‌സ്, യാത്ര ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ വൈകിട്ട് ചായ/ കാപ്പി, ബിസ്‌ക്കറ്റ്. രാത്രിയില്‍ ലഘു ഭക്ഷണം.
ഭക്ഷണമില്ലാതെ ടിക്കറ്റ് നിരക്ക്:
1. കണ്ണൂര്‍-കോഴിക്കോട് 430 രൂപ-825 രൂപ
2. കണ്ണൂര്‍-തിരുവനന്തപുരം 1125 രൂപ-2245 രൂപ

3. കാസര്‍കോട്-തിരുവനന്തപുരം 1230 രൂപ-2465

ഭക്ഷണം ഉള്‍പ്പെടെ ടിക്കറ്റ് നിരക്ക്:
1. കണ്ണൂര്‍-കോഴിക്കോട് 495 രൂപ-930 രൂപ
2. കണ്ണൂര്‍-തിരുവനന്തപുരം 1410 രൂപ-2595 രൂപ

3. കാസര്‍കോട്-തിരുവനന്തപുരം 1520 രൂപ-2815 രൂപ

Post a Comment

Previous Post Next Post