ദുബായ് കെട്ടിടത്തിലെ അഗ്നിബാധ; മരിച്ചവരിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 4 ഇന്ത്യക്കാർ,16 മരണം

(www.kl14onlinenews.com)
(16-April-2023)

ദുബായ് കെട്ടിടത്തിലെ അഗ്നിബാധ; മരിച്ചവരിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 4 ഇന്ത്യക്കാർ,16 മരണം
ദുബായ് :ദുബായ് ദെയ്റ ഫ്രിജ് മുറാർ അൽ റാസ് ഏരിയയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികളുൾപ്പെടെ 16 പേ‍ർ മരിച്ചു. 9 പേർക്ക് പരുക്കേറ്റു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരെയും 2 തമിഴ് നാട് സ്വദേശികളുമാണ് ഇന്നലെ രാത്രി വൈകിയും തിരിച്ചറിഞ്ഞ മരിച്ച ഇന്ത്യക്കാർ. പാക്കിസ്ഥാൻ, നൈജീരിയ, സുഡാൻ സ്വദേശികളാണ് മരിച്ച മറ്റുള്ളവർ.

ഇന്നലെ (ശനിയാഴ്ച) ഉച്ചയ്ക്ക് 12:35 ന് അഞ്ച് നില കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. വിൻഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നാണ് റിപ്പോർട്ട്. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയിലേയ്ക്ക്  അടുത്ത മുറിയിലെ തീ പടരുകയായിരുന്നു. ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. റിജേഷ് ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജെഷി ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയും.

കെട്ടിടത്തില്‍ സുരക്ഷാ നിബന്ധനകൾ പാലിച്ചിരുന്നില്ല

 ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ  തീപിടിത്തം ഉണ്ടായ സ്ഥലത്ത് എത്തി ഒഴിപ്പിക്കലും അഗ്നിശമന പ്രവർത്തനങ്ങളും ആരംഭിച്ചു. കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് പറഞ്ഞു.  അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. പോർട്ട് സയീദ് ഫയർ സ്റ്റേഷനിലെയും ഹംരിയ ഫയർ സ്റ്റേഷനിലെയും ടീമുകൾ അഗ്നിശമന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ശീതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം 2.42 ന് തീ നിയന്ത്രണ വിധേയമാക്കി. 

റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിട ഉടമകളും താമസക്കാരും സുരക്ഷാ നിബന്ധനകൾ പാലിച്ച് അപകടങ്ങൾ ഒഴിവാക്കാന്‍ മാർഗനിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ഒാർമിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ദുബായ് പൊലീസ് അനുശോചനമറിയിച്ചു

Post a Comment

Previous Post Next Post