(www.kl14onlinenews.com)
(16-April-2023)
ലഖ്നൗ: കൊല്ലപ്പെട്ട ഗുണ്ടാതലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ ലവ്‌ലേഷ് തിവാരി ബജ്‌രംഗ്ദള്‍ നേതാവാണെന്നാണ് ലഭിക്കുന്ന വിവരം. ലവ്‌ലേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിൽ അറസ്റ്റിലായ മറ്റൊരു യുവാവ് സണ്ണി ഹമീര്‍പുർ ജില്ലയിലെ 17 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇതിനു മുമ്പ് മൂന്നു വർഷം ഇയാൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസിലായിരുന്നു ഇയാൾ ശിക്ഷ അനുഭവിച്ചത്. അറസ്റ്റിലായ മൂന്നാമത്തെയാൾ അരുണ്‍ മൗര്യ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ട വ്യക്തിയാണ്.
'കുടുംബവുമായി മകൻ ബന്ധം സൂക്ഷിക്കാറില്ല. മകൻ ലഹരിക്ക് അടിമയാണ്. നേരത്തെയും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ടിവിയിൽ കണ്ടു. അത് എന്‍റെ മകനാണ്. ലവ്‌ലേഷിന്റെ ചെയ്തികളെ കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിയില്ല. ഞങ്ങൾക്ക് ഇതുമായി ഒരു ബന്ധവുമില്ല. അവൻ ഇവിടെ താമസിക്കാറില്ല. കുടുംബ കാര്യങ്ങളിൽ ഇടപെടാറില്ല. വർഷങ്ങളായി ഞങ്ങൾ അവനുമായി സംസാരിക്കാറില്ല. ഇതിനകം തന്നെ അവനെതിരെ ഒരു കേസുണ്ട്. ആ കേസിൽ അവനെ ജയിലിലടച്ചിട്ടുണ്ട്. അവന്‍ ജോലിയൊന്നും ചെയ്യുന്നില്ല', ലവ്‌ലേഷ് തിവാരിയുടെ പിതാവ് യഗ്യാ തിവാരി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരാണെന്ന വ്യാജേനയാണ് അതിഖിന്റേയും സഹോദരന്റേയും അടുത്തേക്ക് പ്രതികള്‍ എത്തിയത്. എന്‍സിആര്‍ ന്യൂസെന്ന് പേരില്‍ വ്യാജ മൈക്കും ഐഡിയും നിര്‍മ്മിച്ചാണ് പ്രതികള്‍ സുരക്ഷാ വലയത്തിനുള്ളിലേക്ക് കടന്ന് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുഴുവന്‍ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇരുവരേയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഇരുവരുടേയും കൈകള്‍ ബന്ധിച്ചിരുന്നു. പുറത്തേക്കിറങ്ങിയ ഇരുവരുമായി പൊലീസ് നടന്നുനീങ്ങവേ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇതിനിടെയാണ് ആ സംഘത്തില്‍ നിന്നും വെടിയുതിര്‍ത്തതെന്നാണ് വിവരം.
ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് സംഘം അതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ നിന്ന് പ്രയാഗ് രാജിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മകനെ കൊലപ്പെടുത്തിയത്. താനും കുടുംബവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്
Post a Comment