325 കിലോ സ്വർണം കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത്, രക്ഷപ്പെടുത്തണം'; ഷാഫിയുടെ വീഡിയോ പുറത്ത്

(www.kl14onlinenews.com)
(13-April-2023)

'325 കിലോ സ്വർണം കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത്, രക്ഷപ്പെടുത്തണം'; ഷാഫിയുടെ വീഡിയോ പുറത്ത്
കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ സന്ദേശം പുറത്ത്. താനും സഹോദരനും ചേർന്ന് 80 കോടി രൂപയുടെ സ്വർണം കടത്തികൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ബാക്കി വിവരങ്ങളെല്ലാം ഇവർക്ക് കൊടുത്തിട്ടുണ്ട്. എത്രയും വേ​ഗം മോചിപ്പിക്കാനുളള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി വീഡിയോയിൽ പറയുന്നു. ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ ഇപ്പോൾ എവിടെയാണെന്നോ വീഡിയോയിൽ പറയുന്നില്ല. കഴിഞ്ഞ വെളളിയാഴ്ച താമരശ്ശേരി പരപ്പൻപൊയിലിലെ വീട്ടിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ ഷാഫിയുടെ വീഡിയോയാണ് പുറത്തുവന്നിട്ടുളളത്.

'325 കിലോ സ്വര്‍ണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്‌നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടെയാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ കേസും കൂട്ടവും പൊലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പൊലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല,' എന്നുപറഞ്ഞാണ് ഷാഫിയുടെ വീഡിയോ അവസാനിക്കുന്നത്.
അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയവർ വീഡിയോ നിർബന്ധിച്ച് എടുത്തതാണെന്ന നി​ഗമനത്തിലാണ് പൊലീസ്. കേസിൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ തീരുമാനം. ഷാഫിയെ തട്ടിക്കൊണ്ടുപോയത് കർണാടകത്തിലെ സ്വർണക്കടത്ത് സംഘങ്ങളാണെന്നാണ് സൂചന. മുക്കം പൊലീസിലെ ഒരു സംഘം മഞ്ചേശ്വരത്ത് എത്തിയിട്ടുണ്ട്.

കേസിൽ നേരത്തെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. പരപ്പന്‍പോയില്‍ സ്വദേശി നിസാര്‍, പൂനൂര്‍ സ്വദേശി അജ്‌നാസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലംഗ സംഘം തോക്ക് ചൂണ്ടി വീട്ടില്‍ നിന്നും ഷാഫിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന നിഗമനത്തിലാണ് പൊലീസ്. വയനാട്ടിലുള്ള ചിലരുമായി ഷാഫിക്ക് സാമ്പത്തിക ഇടപാടുകളുള്ളതായി സൂചന ലഭിച്ചിരുന്നു

Post a Comment

Previous Post Next Post