വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി! 25ന് മോദി ഫ്‌ളാഗ് ഓഫ് ചെയ്യും

(www.kl14onlinenews.com)
(18-April-2023)

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി! 25ന് മോദി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടി. നിരവധിപേരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ വന്ദേഭാരതിന്റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാക്കും. വന്ദേഭാരതിനായി ട്രാക്കുകള്‍ പരിഷ്‌കരിക്കും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു

സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമെന്ന് പറയാനാകില്ലെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒന്നര വര്‍ഷത്തിനുളളില്‍ വന്ദേഭാരതിന്റെ വേഗത മണിക്കൂറില്‍ 110 ആകും. അതിന് ശേഷം വേഗത 130 കിലോമീറ്ററായി ഉയർത്തും. തിരുവനന്തപുരം റെയില്‍വേ മേഖല സമഗ്രമായി പരിഷ്‌കരിക്കും. തിരുവനന്തപുരം മേഖലയ്ക്ക് 165 കോടി നീക്കിവെക്കും. തിരുവനന്തപുരം, കൊച്ചുവേളി, നേമം, സ്റ്റേഷനുകളുടെ വികസനത്തിനാണ് ഈ തുക ചെലവഴിക്കുക. വര്‍ക്കല സ്റ്റേഷനെ ലോകോത്തര നിലവാരത്തിലാക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഈ മാസം 25ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. 25ന് രാവിലെയാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യുക. തമ്പാനൂരില്‍ നിന്നാകും ട്രെയിന്‍ യാത്ര ആരംഭിക്കുക. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കണോമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയാണ്. എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണം സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയുമായിരിക്കും.

ഇന്നലെയാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ നടത്തിയത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴ് മണിക്കൂര്‍ 10 മിനിറ്റ് എടുത്താണ് കണ്ണൂരില്‍ എത്തിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത് ഏഴ് മണിക്കൂര്‍ 20 മിനിറ്റെടുത്താണ്. പരീക്ഷണ ഓട്ടം പത്ത് മിനിറ്റ് വൈകിയതിന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post