എസ്എസ്എഫ് കേരള വിദ്യാർഥി സമ്മേളനത്തിൽ മൂന്നു ലക്ഷം വിദ്യാർഥികൾ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലും 2023

(www.kl14onlinenews.com)
(29-April-2023)

എസ്എസ്എഫ് കേരള വിദ്യാർഥി സമ്മേളനത്തിൽ മൂന്നു ലക്ഷം വിദ്യാർഥികൾ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലും

കണ്ണൂർ : നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ നടക്കുന്ന എസ്. എസ്. എഫിന്റെ ​ഗോൾഡൻ ഫിഫ്റ്റിയുടെ ഇന്നത്തെ സമാപന വേദി കേരളത്തിലെ ഏറ്റവും വലിയ ഭരണഘടനാ സംരക്ഷണ സമ്മേളനമായി മാറും. കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുന്ന ചിട്ടയായ പ്രവ‍ർത്തനങ്ങൾക്ക് ഇന്ന് പരിസമാപ്തിയാകുമ്പോൾ സാക്ഷികളാകാൻ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മൂന്ന് ലക്ഷത്തിലേറെ പേരാണ് കണ്ണൂരിലേക്കെത്തുന്നത്. രാജ്യതാല്പര്യങ്ങളെ ഹനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ റദ്ദ് ചെയ്യുകയും ചെയ്യുന്ന അപകടകരമായ നിലപാടിനെതിരെ കേരളത്തിലുടനീളം വ്യാപകമായ പ്രചാരണ പ്രവ‍ർത്തനങ്ങൾ എസ്. എസ്. എഫ്. സമ്മേളന കാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഒരുമിച്ച് ചേർത്ത് ഭരണഘടനാ സംരക്ഷണത്തിനായുള്ള ബഹു​ജന മുന്നേറ്റം തന്നെയാണ് എസ്. എസ്. എഫ് സാധ്യമാക്കിയത്.
പ്രമേയത്തിന്റെ വിവിധ തലങ്ങൾ‌ ച‍ർച്ച ചെയ്യുന്ന അമ്പത് സെഷനുകളാണ് കഴിഞ്ഞ നാലു ദിനങ്ങളിലായി കണ്ണൂർ ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടത്തിയത്. ദിനേശ് ഓഡിറ്റോറിയം, കാൾടെക്സ്, കളക്ടറേറ്റ് മൈതാനം, പോലീസ് മൈതാനം, നെഹ്റു കോ‍ർണർ, സ്റ്റേഡിയം കോർണർ എന്നിങ്ങനെ ആറു കേന്ദ്രങ്ങളിൽ നടന്ന വിവിധ പരിപാടികൾ ശ്രവിക്കാനെത്തിയത് നൂറുകണക്കിനാളുകളാണ്. വേദികളിലെ ഓരോ സെഷനും പങ്കാളിത്തം കൊണ്ട് ചെറു സമ്മേളനങ്ങളായി മാറി. പോലീസ് മൈതാനിയിൽ നടന്ന പുസ്തക ലോകം സന്ദ‍ർശിക്കാൻ എത്തിയവരുടെ എണ്ണം ഇതിനകം അമ്പതിനായിരം കടന്നതായാണ് സംഘാടകരുടെ വിലയിരുത്തൽ. ഇതോടുചേർന്ന് നടക്കുന്ന എജു സൈൻ വിദ്യാഭ്യാസ എക്സ്പോയിൽ ഓരോ ദിവസവും രാത്രി ഏറെ വൈകുവോളം ജനബാഹുല്യമുണ്ടായി. പരിപാടിയുടെ സംഘാടനത്തെയും പ്രചാരണ മികവിനെയും പുകഴ്ത്തി പൊതുരം​ഗത്തുനിന്നുള്ള നിരവധി പേ‍ർ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്ക് വെച്ചിട്ടുണ്ട്.
നാലു ദിനങ്ങൾ കണ്ണൂരിനെ ഇളക്കിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സമാപന മഹാസമ്മേളനത്തിലേക്ക് സംഘാടകർ ചുവട് വെക്കുന്നത്. 14 ജില്ലകളിൽ നിന്നായി 3000 ബസ്സുകൾ സമ്മേളനത്തിലേക്കെത്തും. ചെറുവാഹനങ്ങളിൽ വരുന്നവരുടെ എണ്ണം ഇതിന് പുറമെയാണ്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുന്നത്. പരിപാടിക്കെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ കണ്ണൂരിലെ സുന്നി സംഘടനകൾക്കൊപ്പം ബഹുജന പ്രസ്ഥാനങ്ങളും അണിനിരന്നത് നവ്യാനുഭവമാണ്. കണ്ണൂരിന്റെ ഇത:പര്യന്തമുള്ള സമ്മേളന ചരിത്രങ്ങളെ മാറ്റെഴുതുന്ന മഹാസം​ഗമത്തിനാണ് അറക്കൽ രാജദേശം സാക്ഷിയാകാനിരിക്കുന്നത്. ​ഗതാ​ഗത ക്രമീകരണം ഉൾപ്പെടെ സഹായങ്ങളുമായി പോലീസ് സേനയും ന​ഗര സഭയും സംഘാടക‍ർക്കൊപ്പം തന്നെയുണ്ട്.

Post a Comment

Previous Post Next Post