എം പി സ്ഥാനം നഷ്ടപ്പെട്ടാലും വയനാടിനോടുള്ള ബന്ധം എല്ലാക്കാലവും നിലനില്‍ക്കും: രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(11-April-2023)

എം പി സ്ഥാനം നഷ്ടപ്പെട്ടാലും വയനാടിനോടുള്ള ബന്ധം എല്ലാക്കാലവും നിലനില്‍ക്കും: രാഹുല്‍ ഗാന്ധി
മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി. എംപി എന്നത് ഒരു ടാഗ് മാത്രമാണെന്നും ബിജെപിയ്ക്ക് അതെടുത്ത് മാറ്റാമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എംപി എന്നത് ഒരു ടാഗ് മാത്രമാണ്. അതൊരു പദവിയാണ്, ഒരു സ്ഥാനമാണ്. ബിജെപിക്ക് ആ ടാഗും സ്ഥാനവും വീടും ഒക്കെ എടുത്തുകളയാം, അല്ലെങ്കില്‍ എന്നെ ജയിലില്‍ അടയ്ക്കാം. പക്ഷേ, വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് എന്നെ തടയാന്‍ അവര്‍ക്ക് കഴിയില്ല.' രാഹുല്‍ ഗാന്ധി പറഞ്ഞു.

'വര്‍ഷങ്ങളായി ഞാന്‍ ബിജെപിയോട് പോരാടുകയാണ്. ഇത്രയും വര്‍ഷമായിട്ടും അവര്‍ക്ക് എതിരാളിയെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അവരുടെ എതിരാളി ഭയക്കില്ലെന്ന് അവര്‍ക്ക് മനസിലാകുന്നില്ല. പോലീസിനെ എന്റെ വീട്ടിലേക്ക് അയച്ച് എന്നെ ഭയപ്പെടുത്താമെന്ന് അവര്‍ കരുതുന്നു. എന്റെ വീട് എടുത്താല്‍ ഞാന്‍ അസ്വസ്ഥനാകുമെന്ന് അവര്‍ കരുതുന്നു. എന്റെ സഹോദരി നിങ്ങളോട് പറഞ്ഞില്ല, പക്ഷേ അവര്‍ എന്റെ വീട് എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ആ വീട്ടില്‍ താമസിക്കുന്നതിന് അത്ര താല്‍പര്യം ഇല്ലായിരുന്നു' രാഹുല്‍ പറഞ്ഞു.

'പ്രളയമുണ്ടായപ്പോള്‍ വയനാട്ടില്‍ നൂറുകണക്കിനാളുകള്‍ക്കു വീട് നഷ്ടപ്പെട്ടത് ഞാന്‍ കണ്ടിട്ടുണ്ട്. വയനാട്ടില്‍ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് നിങ്ങള്‍ വെള്ളപ്പൊക്കത്തോട് എങ്ങനെ പ്രതികരിച്ചു എന്നുള്ളതാണ്, ഞാന്‍ നിങ്ങളില്‍ നിന്ന് പഠിച്ചു. എന്റെ വീട് എടുത്തോളൂ, ഞാന്‍ അത് കാര്യമാക്കുന്നില്ല. ഇന്ത്യയിലെയും വയനാട്ടിലെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഞാന്‍ തുടരും.' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

'നാലു വര്‍ഷം മുമ്പ് ഞാന്‍ ഇവിടെ വന്ന് നിങ്ങളുടെ എംപിയായി. എന്നെ സംബന്ധിച്ചിടത്തോളം ആ പ്രചാരണം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. പ്രചാരണത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സംസാരിച്ചു. ഇത്തരം പല പ്രചാരണങ്ങളും ഞാന്‍ നടത്തിയിട്ടുണ്ടെങ്കിലും ഇവിടേക്കുളള വരവ് കുടുംബത്തിലേക്ക് വരുന്നത് പോലെയായിരുന്നു. ഞാന്‍ കേരളത്തിലുളളതല്ല, എന്നാല്‍ നിങ്ങള്‍ എന്നെ സ്വീകരിച്ച രീതി എന്നെ നിങ്ങളുടെ സഹോദരനായും മകനായും തോന്നിപ്പിച്ചു' ഗാന്ധി പറഞ്ഞു.

ഞാന്‍ വര്‍ഷങ്ങളായി എംപിയാണ്. ഒരു എംപി ആകുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഞാന്‍ ചിന്തിച്ചു. ആളുകളെ തുല്യരായും ഉന്നതരായും കാണാനുമുള്ള വിനയം നിങ്ങള്‍ക്കുണ്ടായിരിക്കണം. ഒരു ജനപ്രതിനിധിയാകാന്‍ ജനങ്ങളുടെ വികാരങ്ങളും അവരുടെ പ്രശ്‌നങ്ങളും മനസ്സിലാക്കണം. ഒരു യഥാര്‍ത്ഥ പ്രതിനിധി വികസിക്കുന്നത് സ്വയം വിശകലനം ചെയ്യുന്നതിലൂടെയും താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുമാണ്. ബിജെപി ആളുകളെ ഭിന്നിപ്പിക്കുന്നു, വഴക്കുണ്ടാക്കുന്നു, ആളുകളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. എന്നാന്‍ ആളുകളെ ഒരുമിപ്പിച്ചുകൊണ്ടേയിരിക്കും. എല്ലാ സമുദായങ്ങളെയും എല്ലാ മതങ്ങളെയും എല്ലാ ആശയങ്ങളെയും ബഹുമാനിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് നീചരായും ദുഷ്ടരായും തുടരാം, നിങ്ങളോട് (ബിജെപി) പോലും ഞാന്‍ കഴിയുന്നത്ര ദയ കാണിക്കും. കാരണം ഇത് ഇന്ത്യയുടെ രണ്ട് ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. നിങ്ങള്‍ ഇന്ത്യയുടെ ഒരു കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു, ഞങ്ങള്‍ ഇന്ത്യയുടെ മറ്റൊരു കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

എല്ലാത്തിനുമുപരി, ഞാന്‍ എന്താണ് ചെയ്തത്? ഞാന്‍ പാര്‍ലമെന്റില്‍ പോയി ഒരു ബിസിനസുകാരനെക്കുfറിച്ച് പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അദാനിയുമായുള്ള നിങ്ങളുടെ ബന്ധം ദയവായി വിശദീകരിക്കൂവെന്ന ലഭിതമായ ചോദ്യമാണ് ചോദിച്ചത്. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍, ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ 609-ാം സ്ഥാനത്തായിരുന്ന അദാനി എങ്ങനെയാണ് രണ്ടാം സ്ഥാനത്തായതെന്ന് കാണിക്കാന്‍ ഞാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ചു. പ്രധാനമന്ത്രി തന്നെ ഈ വളര്‍ച്ചയ്ക്ക് സഹായകമായതിന്റെ ഉദാഹരണങ്ങള്‍ ഞാന്‍ കാണിച്ചു. അദാനിയെ സഹായിക്കാന്‍ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രതിരോധ ബന്ധം രൂപാന്തരപ്പെട്ടതിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. അദാനിയെ സഹായിക്കാന്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ നിയമങ്ങള്‍ എങ്ങനെ മാറ്റിയെന്ന് ഞാന്‍ കാണിച്ചു, വിദേശനയം എങ്ങനെ ഉപയോഗിച്ചുവെന്ന് ഞാന്‍ കാണിച്ചു. എന്താണ് ആ മനുഷ്യനുമായുളള നിങ്ങളുടെ ബന്ധം എന്നാണ് ഞാന്‍ ചോദിച്ചത്. എന്നാല്‍ ആ ചോദ്യത്തിന് പ്രധാനമന്ത്രി ഉത്തരം നല്‍കിയില്ല' രാഹുല്‍ പറഞ്ഞു.

ബിജെപിയുടെ മന്ത്രിമാര്‍ സഭയില്‍ എന്നെക്കുറിച്ച് കള്ളം പറഞ്ഞു. ഒരു എംപിയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ എംപിക്ക് മറുപടി പറയാന്‍ അവകാശമുണ്ട് എന്നതാണ് പാര്‍ലമെന്റിലെ ചട്ടം. ഈ റൂളുമായി ഞാന്‍ സ്പീക്കറുടെ അടുത്തേക്ക് പോയി. എന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞ് ഞാന്‍ അദ്ദേഹത്തിന് രണ്ട് കത്തുകള്‍ എഴുതി. അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി ചോദിച്ചു. അദ്ദേഹം പറഞ്ഞത്, 'എനിക്ക് വേറെ വഴിയില്ല, നിങ്ങള്‍ വന്ന് എന്റെ കൂടെ ചായ കുടിക്കൂ, ഞാന്‍ നിങ്ങളോട് വിശദീകരിക്കാം' എന്നാണ്. ഇതിനാല്‍ പാര്‍ലമെന്റ് ഹൗസ് മുഴുവനും അടച്ചു. മറുപടി നല്‍കാന്‍ എന്നെ അനുവദിച്ചില്ല, ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങളിലും ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളിലും സര്‍ക്കാരിന് അസ്വസ്ഥതയുള്ളതിനാല്‍, എന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

'സാരമില്ല. അവര്‍ എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനമാണിത്. കാരണം ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് എനിക്കിങ്ങനെ അറിയാനായി. ബിജെപി എന്റെ വീട് തട്ടിയെടുക്കുകയോ, എന്നെ എംപിയായി അയോഗ്യനാക്കുകയോ, 24 മണിക്കൂറും എന്നെ ആക്രമിക്കുകയോ ചെയ്യുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരിയായാണെന്ന് എനിക്കറിയാനാകുന്നു. അവര്‍ എന്നെ എത്രത്തോളം ആക്രമിക്കുന്നുവോ, ശരിയായ പാതിയിലൂടെയാണ് നടക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത് ഞാന്‍ നിര്‍ത്തില്ല. എനിക്ക് വേണ്ടിയല്ല, നിങ്ങളുമായും ഇന്ത്യയിലെ ജനങ്ങളുമായുളള എന്റെ ബന്ധത്തിനായി ഞാന്‍ പോരാട്ടം തുടരും.' അദ്ദേഹം ഉപസംഹരിച്ചു.

Post a Comment

Previous Post Next Post