'എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ആസൂത്രിതം'; യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി

(www.kl14onlinenews.com)
(17-April-2023)

'എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ആസൂത്രിതം'; യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത്. പ്രതി കൃത്യത്തിനായി പുറപ്പെട്ട് രത്‌നഗിരിയില്‍ നിന്ന് പിടികൂടുന്നത് വരെയുള്ള കൃത്യമായ വിവരങ്ങളും എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു.
ഇതുവരെയുള്ള അന്വേഷണത്തില്‍ ഷാരൂഖ് സെയ്ഫിയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിതീവ്രസ്വഭാവമുള്ള ആളായിലുന്നു ഷാരൂഖ്. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നു. ഷാരൂഖ് വരുന്ന പ്രദേശത്തിന് ചില പ്രത്യേകതകളുണ്ട്. ആക്രമണത്തിനായി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വന്നതെന്നും എഡിജിപി വ്യക്തമാക്കി.
റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. പിന്നീട് പ്രത്യേക അന്വേഷണ സംഘം വിപുലമായ രീതിയിലാണ് അന്വേഷണം നടത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായും മറ്റ് സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത്. സംഭവം നടന്ന് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. വിശദമായ അന്വേഷണം നടക്കുകയാണ്. പാലക്കാട് സുഹൃത്തുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ശാസ്ത്രീയ രീതിയിലുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റാരെങ്കിലും നീരീക്ഷണത്തിലുണ്ടോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു എഡിജിപിയുടെ മറുപടി.

Post a Comment

Previous Post Next Post