ട്രെയിനിലെ ആക്രമണം: പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാൾ പ്രതിയല്ല,ബൈക്കില്‍ കയറി പോയത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥി

(www.kl14onlinenews.com)
(03-April-2023)

ട്രെയിനിലെ ആക്രമണം: പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാൾ പ്രതിയല്ല,ബൈക്കില്‍ കയറി പോയത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥി
കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ അക്രമിയുടേതെന്ന് സംശയിച്ച് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് മറ്റൊരാളാണെന്ന് പൊലീസ് . ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ്.
അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ലഭിച്ച നോട്ടുപുസ്തകങ്ങളിലെ കുറിപ്പുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഒരു കുപ്പി പെട്രോള്‍, നോട്ടുപുസ്തകം, വസ്ത്രങ്ങള്‍, കണ്ണട, പേഴ്‌സ്, ടിഫിന്‍ ബോക്‌സ്, ഭക്ഷണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സമീപത്തുനിന്നായി ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു.
ജീവിത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. എലത്തൂരില്‍ ട്രെയ്‌നില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടതായി ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ് കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടിയ റാഷിക് ആണ് പ്രതിയെ കണ്ടതായി മൊഴി നല്‍കിയത്. വാഷ് ബേസിനടുത്ത് ഒരാള്‍ ഇരിക്കുന്നതായി കണ്ടു. അയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നു. മലയാളിയാണെന്ന് തോന്നില്ലെന്നും റാഷിക് പറഞ്ഞു.

റാഷികിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാ ചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. മധ്യവയസ്‌കനാണ് പ്രതിയെന്ന് ചില യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തിയത് താടിയുളള മധ്യവയസ്‌കനായ ഉത്തരേന്ത്യക്കാരനാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم