വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് തകര്‍ത്തു, മൂന്ന് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

(www.kl14onlinenews.com)
(11-April-2023)

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് തകര്‍ത്തു, മൂന്ന് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 കോളനിയിലാണ് അരിക്കൊമ്പന്റെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഒരു വീട് തകര്‍ന്നു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി ആദിവാസി കുടിയിൽ എത്തിയ അരിക്കൊമ്പൻ ലീലയുടെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ലീലയും മകളും കൊച്ചുമകനും വീട്ടിൽ ഉറങ്ങുകയായിരുന്നു. അടുക്കള തകർക്കുന്ന ശബ്ദം കേട്ട് ഉണർന്ന് പുറത്തേക്കൊടി രക്ഷപ്പെടുകയായിരുന്നു. അടുക്കള തകർത്ത കൊമ്പൻ അരി തിന്നതിന് ശേഷം വീടിന്റെ മുൻവശവും ഇടിച്ചു ‌തകർത്തു. തലനാരിഴയ്ക്കാണ് തങ്ങളുടെ ജീവൻ രക്ഷപ്പെട്ടതെന്ന് ലീല പറഞ്ഞു. ലീലയുടെ വീട് കാട്ടാന ആക്രമിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനു മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ ഒരു ഭാ​ഗം തകർന്നിരുന്നു. തുടർന്ന് കട്ടകൾ പെറുക്കിവെച്ച് ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ് വീട്. ഇന്ന് വീണ്ടും ആ ഭാ​ഗം തന്നെയാണ് കാട്ടാന തകർത്തത്.

'കാട്ടിലേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. ഇവിടെതന്നെ നിന്നിരുന്നെങ്കില്‍ ഞങ്ങളെ മൂന്നുപേരേയും കൊന്നേനെ. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോകാതെ ഞങ്ങള്‍ക്ക്‌ ഇവിടെ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ല. ആനയെ കൊല്ലണമെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. ഇവിടെ നിന്ന് മാറ്റിത്തരണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളു. ആന പ്രേമികളുടെ അടുത്തേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റിതന്നാല്‍ മതി'- ലീലയുടെ മകള്‍ പറഞ്ഞു.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ചു മാറ്റുന്നതിന് വേണ്ടിയുള്ള ഉത്തരവിറങ്ങിയതിനു ശേഷം പതിനെട്ടാമത്തെ വീടാണ് കാട്ടാന ഇടിച്ചു തകർക്കുന്നത്. നിലവിൽ ഇവിടെ നിന്നും പിടിച്ചു മാറ്റുന്നതിന് ഹൈക്കോടതി ഉത്തരവ് നൽകിയെങ്കിലും റേഡിയോ കോളർ എത്താത്തതിനാൽ തുടർന്നുളള നടപടികളിലേക്ക് വനം വകുപ്പ് കടന്നിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. അതേസമയം റേഡിയോ കോളർ എത്തിയതിനു ശേഷം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള യോഗവും മോക്ഡ്രില്ലുമടക്കം നടത്തുന്നതിനാണ് വനംവകുപ്പിന്റെ തീരുമാനം. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കാട്ടനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത്. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലും പ്രതിഷേധം ഉയർന്നിരുന്നു.

Post a Comment

Previous Post Next Post