ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

(www.kl14onlinenews.com)
(01-April-2023)

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

ഇടുക്കി: വാത്തിക്കുടിയിൽ മരുമകന്റെ വെട്ടേറ്റ സ്ത്രീ മരിച്ചു. വാത്തിക്കുടി സ്വദേശി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (58) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇടുക്കി മുരിക്കാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാത്തിക്കുടി ടൗണിന് സമീപം താമസിക്കുന്ന ആമ്പക്കാട്ട് ഭാസ്കരന്റെ വീട്ടിലാണ് കൊലപാതകം നടന്നത്.

ഭാസ്ക്കരന്റെ ഇളയ മകളുടെ ഭർത്താവായ സുധീഷ് (33) വൈകിട്ട് 4 മണിയോടെ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയും, ഭാസ്കരനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് വിവരം. ഈ സമയം തടസ്സം പിടിക്കാനെത്തിയ ഭാസ്കരന്റെ ഭാര്യ രാജമ്മക്ക് വെട്ടേക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം മരുമകൻ സുധീഷ് വാഹനവുമായി കടന്നു കളഞ്ഞു എന്നാണ് നാട്ടുകാർ പറയുന്നത്.

ഏറെക്കാലമായി വാത്തിക്കുടിയിൽ ഭാസ്ക്കരനോടൊപ്പമാണ് സുധീഷും ഭാര്യയും താമസിച്ചിരുന്നത്. സാമ്പത്തിക വിഷയങ്ങളാണ് വഴക്കിന് കാരണമെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ ഭാസ്കരനെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് മാറ്റി. മുരിക്കാശേരി പോലീസ് എത്തി നടപടികൾ സ്വീകരിച്ച ശേഷം രാജമ്മയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി. പ്രതി സുധീഷിനു വേണ്ടിയിട്ടുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.

Post a Comment

Previous Post Next Post