10 മാസത്തിന് ശേഷം സിദ്ദു പുറത്തിറങ്ങി; രാഹുലിന് പ്രശംസ

(www.kl14onlinenews.com)
(01-April-2023)

10 മാസത്തിന് ശേഷം സിദ്ദു പുറത്തിറങ്ങി; രാഹുലിന് പ്രശംസ

പാട്യാല: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. കഴിഞ്ഞ മെയിലാണ് കൊലപാതക കേസിൽ സിദ്ദുവിനെ പട്യാല ജയിലിലടച്ചത്. ജയിലിലെ നല്ലനടപ്പിൽ ഒരു വർഷത്തെ ശിക്ഷാ കാലയളവിൽ ഇളവ് നൽകുകയായിരുന്നു. ജയിൽ മോചിതനായി പുറത്തുവന്ന സിദ്ദു, രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ചാണ് സംസാരിച്ചത്. രാജ്യത്ത് വിപ്ലവം വന്നെന്നും, ആ വിപ്ലവത്തിൻറെ പേരാണ് രാഹുൽ ഗാന്ധിയെന്നുമായിരുന്നു സിദ്ദു പറഞ്ഞത്.

പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് നവജ്യോത് പുറത്തിറങ്ങിയത്. 59 കാരനായ മുൻ ക്രിക്കറ്റ് താരത്തെ മോചിപ്പിച്ചതിന് ഗംഭീര സ്വീകരണം നൽകാൻ ജയിലിന് പുറത്ത് നിരവധി കോൺഗ്രസ് നേതാക്കളും അനുഭാവികളും തടിച്ചുകൂടി.

പട്യാല നഗരത്തിൽ പലയിടത്തും നവജ്യോത് സിദ്ധുവിന്റെ നിരവധി പോസ്റ്ററുകളും ഹോർഡിംഗുകളും സിദ്ദുവിനെ സ്വാഗതം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ചിരുന്നു. സിദ്ദുവിന്റെ മോചനത്തിൽ പാർട്ടി പ്രവർത്തകർ വളരെ ആഹ്ലാദത്തിലാണെന്ന് അനുയായികളിൽ ഒരാൾ പിടിഐയോട് പറഞ്ഞു.

1988ൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് 59കാരനായ സിദ്ദുവിനെ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നത്. 1988 ഡിസംബർ 27ന് ഉച്ചക്ക് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുർണാം ആശുപത്രിയിൽവെച്ച് മരിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനപ്പൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് വർഷം തടവ് വിധിച്ചെങ്കിലും 2018ൽ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രിംകോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്.

Post a Comment

Previous Post Next Post