ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം; ഡല്‍ഹി- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

(www.kl14onlinenews.com)
(10-April-2023)

ജീവനക്കാര്‍ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം; ഡല്‍ഹി- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരന്‍ ജീവനക്കാരെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 6.35നാണ് വിമാനം പുറപ്പെട്ടത്.
225 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പുറപ്പെട്ടതിന് പിന്നാലെ യാത്രക്കാരന്റെ പെരുമാറ്റം അനിയന്ത്രിതമായെന്നും മുന്നറിയിപ്പുകള്‍ വകവെക്കാതിരുന്ന ഇയാള്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
എയര്‍ ഇന്ത്യ ഡല്‍ഹി വിമാനത്താവള പൊലീസിന് പരാതി നല്‍കി. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ തന്നെ യാത്രക്കാരനെ പുറത്തിറക്കുകയും സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറുകയും ചെയ്തു. വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ഉച്ചയ്ക്ക് ശേഷം ലണ്ടനിലേക്കുള്ള സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

Post a Comment

Previous Post Next Post