സൗദി മണ്ണിലെത്തി ശിഹാബ് ചോറ്റൂര്‍; അടുത്ത ലക്ഷ്യം പുണ്യ മദീന

(www.kl14onlinenews.com)
(10-April-2023)

സൗദി മണ്ണിലെത്തി ശിഹാബ് ചോറ്റൂര്‍; അടുത്ത ലക്ഷ്യം പുണ്യ മദീന
ദമാം: കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീര്‍ത്ഥാടകന്‍ ശിഹാബ് ചോറ്റൂര്‍ സൗദി മണ്ണിലെത്തി. വിവിധ രാജ്യങ്ങളിലൂടെ കടന്ന് ഒടുവില്‍ കുവൈത്ത് പിന്നിട്ടാണ് സൗദിയിൽ എത്തിയത്. ഇറാഖില്‍ നിന്ന് കുവൈത്തിലെത്തിയ ശിഹാബ് ഞായറാഴ്ച്ച പുലര്‍ച്ചെ 5 മണിക്ക് ശേഷമാണ് ആഗ്രഹ സഫലീകരണത്തിന്റെ പ്രധാന ചുവടുവെപ്പായി സൗദിയുടെ മണ്ണില്‍ കാലുകുത്തിയത്.
കേരളത്തില്‍ നിന്ന് പാകിസ്ഥാൻ, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങളിലൂടെ കാല്‍ നടയായി ലക്ഷ്യ സ്ഥാനമായ വിശുദ്ധ ഭൂമിയിലേക്ക് നീങ്ങുന്ന ശിഹാബിന്റെ മുന്നിലുളള അടുത്ത ലക്ഷ്യം മദീനയാണ്. പാകിസ്ഥാനില്‍ നിന്ന് ഇറാനിലേക്ക് ചില പ്രശ്‌നങ്ങള്‍ കാരണം വിമാനത്തിലായിരുന്നു ശിഹാബ് യാത്ര ചെയ്തത്. സൗദിയിലെ ഹഫര്‍ ബാത്വിന്‍ വഴിയാണ് മദീനയിലേക്കുള്ള നടത്തം. കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തിലാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് കാല്‍ നടയായി ഹജ്ജ് യാത്രയാരംഭിച്ചത്. 2023 ലെ ഹജ്ജ് ലക്ഷ്യമാക്കിയാണ് ശിഹാബ് യാത്ര തിരിച്ചത്.
74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍ എത്തുകയായിരുന്നു ശിഹാബിന്റെ ആദ്യ ലക്ഷ്യം. എന്നാല്‍ നാല് മാസത്തോളം പഞ്ചാബില്‍ തങ്ങിയ ശിഹാബ് ട്രാന്‍സിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്ഥാനിലേക്ക് കടന്നത്. പാകിസ്ഥാൻ വിസയുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികളെ തുടര്‍ന്ന് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് നാല് മാസത്തോളം ശിഹാബ് താമസിച്ചിരുന്നത്. ഫെബ്രുവരി 5നാണ് പാകിസ്ഥാൻ വിസ നല്‍കിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ് ശിഹാബ്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടന്‍ സൈതലവി-സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്.

Post a Comment

Previous Post Next Post