വിവാഹ സമ്മാനമായി ലഭിച്ച മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു

(www.kl14onlinenews.com)
(04-April-2023)

വിവാഹ സമ്മാനമായി ലഭിച്ച മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു

വിവാഹ സമ്മാനമായി ലഭിച്ച മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും മരിച്ചു. സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലാണ് ഈ ദാരുണ സംഭവം. മൂന്ന് ദിവസം മുമ്പായിരുന്നു യുവാവ് വിവാഹിതനായത്. റെന്‍ഗാഖര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചമാരി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിയ്ക്കാനുണ്ടായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്ഫോടനത്തെ തുടര്‍ന്ന് മ്യൂസിക് സിസ്റ്റം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നെന്നും പോലീസ് അറിയിച്ചു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഛത്തീസ്ഗഡ്-മധ്യപ്രദേശ് അതിര്‍ത്തിയിലെ നക്സലൈറ്റ് ബാധിത പ്രദേശമാണ് റെന്‍ഗാഖര്‍. ഏപ്രില്‍ ഒന്നിനാണ് മരണപ്പെട്ട യുവാവ് ഹേമേന്ദ്ര മറവിയുടെ വിവാഹം നടന്നതെന്നാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച വരനും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ തുറക്കുകയായിരുന്നു. ഇതിനിടെ സമ്മാനമായി ലഭിച്ച മ്യൂസിക് സിസ്റ്റവും ഓണാക്കി നോക്കി. ഉടന്‍ തന്നെ അത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് കബീര്‍ധാം അഡീഷണല്‍ പോലീസ് സൂപ്രണ്ട് മനീഷ താക്കൂര്‍ പറഞ്ഞു.സ്ഫോടനത്തില്‍ വരന്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തില്‍ വരന്റെ സഹോദരന്‍ രാജ്കുമാറും ഒന്നര വയസ്സുള്ള ആണ്‍കുട്ടിയുമടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.ഇവരെ കവര്‍ധ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു. ചികിത്സയിലിരിക്കെയാണ് സഹോദരനും മരണപ്പെട്ടത്.

പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സ്ഫോടന വാര്‍ത്തയറിഞ്ഞ് ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുറിയില്‍ നടത്തിയ പരിശോധനയില്‍ തീപിടിക്കുന്ന തരത്തിലുളള വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് റെന്‍ഗാഖര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ദുര്‍ഗേഷ് റൗട്ടെ പറഞ്ഞു.മ്യൂസിക് സിസ്റ്റം മാത്രമാണ് പൊട്ടിത്തെറിച്ചതെന്നും സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post