ചിന്തയ്ക്ക് ശമ്പളമായി 68 ലക്ഷം; യുവജന കമ്മിഷന് ചെലവ് 1.14 കോടി

(www.kl14onlinenews.com)
(01-Mar-2023)

ചിന്തയ്ക്ക് ശമ്പളമായി 68 ലക്ഷം; യുവജന കമ്മിഷന് ചെലവ് 1.14 കോടി

തിരുവനന്തപുരം: കാലാവധി കഴിഞ്ഞിട്ടും യുവജനകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപയെന്ന്   മന്ത്രി സജി ചെറിയാന്‍.  സിറ്റിങ് ഫീസായി 52,000 രൂപയും യാത്രാ അലവൻസായി 1.26 ലക്ഷം രൂപയും ന്യൂസ് പേപ്പർ അലവൻസായി 21,990 രൂപയും കൈപ്പറ്റിയിട്ടുണ്ട്.  

രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം യുവജനകമ്മീഷന് വേണ്ടി 1.14 കോടി രൂപയെന്നും മന്ത്രി അറിയിച്ചു. എന്‍. ഷംസുദീന്‍, സജീവ് ജോസഫ്, പി. അബ്ദുള്‍ ഹമീദ്, ഷാഫി പറമ്പില്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ്  മന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.  ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കരാർ വാഹനമാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ വാടകയ്ക്കായി 2021-22ൽ  22.67 ലക്ഷം രൂപയും നല്‍കിയതായി  മറുപടിയില്‍ മന്ത്രി പറഞ്ഞു.

കാലാവധി കഴിഞ്ഞിട്ടും യുവജനകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്ത തുടരുന്നത് വിവാദമായിരുന്നു. ഓരോ മാസവും ശമ്പളമായി ചിന്തയ്ക്ക് കൈപ്പറ്റുകയും ചെയ്യാം. ചിന്തയ്ക്ക് വേണ്ടിയാണ് യുവജനകമ്മീഷന്‍ സ്ഥാനത്ത് നിയമനം നീട്ടിക്കൊണ്ടു പോകുന്നതെന്ന് ആരോപണം ശക്തമാണ്.  കമ്മീഷന്‍ അധ്യക്ഷ എന്ന നിലയ്ക്ക് ചിന്താ ജെറോമിന് ഒരു ലക്ഷം രൂപ ശമ്പളം  അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മുന്‍ കാല പ്രാബ്യത്തോടെയാണ് ശമ്പള വര്‍ധനവ് എന്ന് വ്യക്തമാക്കിയായിരുന്നു ഉത്തരവ്.

നേരത്തെ  50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ശമ്പള കുടിശ്ശികയായി കിടന്ന തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.

യുവജന കമ്മീഷനിലെ  ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തിരമായി 26ലക്ഷം നല്‍കാന്‍ ആവശ്യപ്പെട്ട് ചിന്താ ജെറോം ധനകാര്യവകുപ്പിന് കത്തയച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്  ധനകാര്യവകുപ്പ് യുവജന കമ്മീഷന് 18 ലക്ഷം രൂപ അനുവദിച്ചിരുന്നു.  ഇത് ചിന്തയുടെ ശമ്പളകുടിശ്ശിക  നല്‍കാന്‍ വേണ്ടി മാത്രമാണ് വിനിയോഗിച്ചത്.

ജനുവരിയില്‍ യുവജനകമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് കുടിശ്ശികയായി കിടന്ന ശമ്പളത്തുക അനുവദിച്ചെങ്കിലും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നാണ്  മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ബജറ്റില്‍ 76.06 ലക്ഷം രൂപയാണ് യുവജന കമ്മീഷന് അനുവദിച്ചത്. തുക തികഞ്ഞില്ലെന്ന് കാണിച്ച് ഡിസംബറില്‍ ഒമ്പത്ലക്ഷം രൂപ വീണ്ടും അനുവദിച്ചിരുന്നു.ഇതിനും പുറമെയാണ് ശമ്പള  കുടിശ്ശികയായി 18 ലക്ഷം അനുവദിച്ചത്.  രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഇതെല്ലാം ചേര്‍ത്ത് 1.14 കോടി നല്‍കി എന്നാണ് മന്ത്രി പറഞ്ഞത്.



Post a Comment

Previous Post Next Post