36 ഉപഗ്രഹങ്ങളുമായി മാർക്ക് -3 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

(www.kl14onlinenews.com)
(26-Mar-2023)

36 ഉപഗ്രഹങ്ങളുമായി മാർക്ക് -3 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആര്‍ഒ) എല്‍വിഎം 3-എം3-യില്‍ (ലോഞ്ച് വെെഹിക്കിള്‍ മാര്‍ക്ക് 3) 36 ഉപഗ്രഹങ്ങളേയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പെസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും ലൈവ് സ്ട്രീം ചെയ്തിരുന്നു. 2022-ൽ ഭാരതി ഗ്രൂപ്പ് ഐഎസ്ആർഒയുടെ വാണിജ്യ ശാഖയായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി മൊത്തം 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് 100 കോടി രൂപയ്ക്ക് ഒരു കരാർ ഉണ്ടാക്കിയിരുന്നു.

ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച് ഐഎസ്ആർഒയും യുകെയുടെ വൺ വെബ് ഗ്രൂപ്പും നടത്തുന്ന ദൗത്യത്തിന്റെ രണ്ടാം ഘട്ടമാണിത്. 36 ഉപഗ്രഹങ്ങൾ കൂടി ദൗത്യത്തിലൂടെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു. 2022 ഒക്ടോബറിൽ 36 ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥത്തിലേക്ക് തിരിച്ചെത്തിച്ചിരുന്നു.

ഭാരതി എയർടെല്ലിന് കീഴിലുള്ള ഭാരതി ഗ്രൂപ്പിന്റെ പിന്തുണയും വൺ വെബിനുണ്ട്. നിലവിൽ 618 ഉപഗ്രഹങ്ങളാണ് കമ്പനിക്ക് താഴ്ന്ന ഭ്രമണപഥത്തിൽ ഉള്ളത്. ഇത് ഗ്ലോബല്‍ കവറേജ് നൽകാൻ കമ്പനിയെ സഹായിക്കും.

36 ജെനറേഷന്‍ 1 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇതിന്റെ ആകെ ഭാരം 5,805 കിലോയാണ്. വിക്ഷേപണത്തിന്റെ 19-ാം മിനുറ്റില്‍ തന്നെ ഉപഗ്രഹങ്ങള്‍ ഭമണപഥത്തില്‍ വിജയകരമായി എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

Post a Comment

Previous Post Next Post