(www.kl14onlinenews.com)
(26-Mar-2023)
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തും. ഡൽഹിയിലെ രാജ്ഘട്ടിലാണ് സത്യഗ്രഹമിരിക്കുക. രാവിലെ പത്ത് മുതൽ ആരംഭിക്കുന്ന സത്യഗ്രഹ സമരത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങി മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹ സമരം നടക്കും. രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം.
കേരളത്തിൽ തിരുവനന്തപുരത്തെ ഗാന്ധി പാർക്കിലാണ് സത്യഗ്രഹമിരിക്കുക. രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ് സത്യഗ്രഹം. ഡിസിസിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അഭിഷേക് മനു സിംഗ് വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേർന്നേക്കും. തിങ്കളാഴ്ച മുതൽ മറ്റ് പ്രതിഷേധങ്ങൾക്കും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങൾ ഉന്നയിച്ചതാണ് തനിക്കെതിരെയുളള നടപടികൾക്ക് കാരണമെന്ന് രാഹുൽ ഗാന്ധി ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍ ആരേയും ഭയക്കുന്നില്ല. ജയിലില്‍ അടച്ച് നിശബ്ദനാക്കാനാകില്ല. ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തന്റെ പരാമർശത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.
Post a Comment