രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; വയനാട്ടില്‍ ഏപ്രിലില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും

(www.kl14onlinenews.com)
(24-Mar-2023)

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; വയനാട്ടില്‍ ഏപ്രിലില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതിരഞ്ഞെടുപ്പിനെ ചൊല്ലിയുളള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളില്‍ നിന്നുളള സൂചന. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയതായി അറിയിച്ചത്. ലോക്സഭാ സ്പീക്കറാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം ശിക്ഷ വിധിച്ചിതിനൊപ്പം അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 പ്രകാരമാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയ തീരുമാനമെടുത്തത്.

മാനനഷ്ടക്കേസില്‍ സെഷന്‍സ് കോടതിയിലാണ് രാഹുല്‍ അപ്പീല്‍ നല്‍കേണ്ടത്. അവിടെനിന്നും ഇളവ് ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയേയും സമീപിക്കാം. എന്നാല്‍ മേല്‍ക്കോടതിയില്‍ നിന്നും ഇളവ് ലഭിച്ചില്ലെങ്കില്‍ 8 വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ല.


രാഹുലിനെതിരായ കേസ്

2019 ഏപ്രില്‍ 13 ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നീ പേരുകള്‍ സാധാരണമായിരിക്കുന്നത് എന്തുകൊണ്ടാണ്, എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ട്?' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഈ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി സെക്ഷന്‍ 499, 500 പ്രകാരം ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രാഹുലിന്റെ പ്രസ്താവന മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ പരാതിയില്‍ ആരോപിച്ചിരുന്നു.

ഞങ്ങൾ ഭയപ്പെടുകയോ നിശബ്ദരാകുകയോ ചെയ്യില്ല, ഇന്ത്യൻ ജനാധിപത്യം..... ഓം ശാന്തി'; രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതികരിച്ച് ജയറാം രമേശ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഈ പോരാട്ടത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു. "കോൺഗ്രസിനെ ഭയപ്പെടുത്താനോ നിശ്ശബ്ദനാക്കാനോ കഴിയില്ല, അദാനി അഴിമതിക്കേസിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. ഇന്ത്യൻ ജനാധിപത്യം..... ഓം ശാന്തി" ജയറാം രമേശ് പറഞ്ഞു. അതേസമയം, കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കിയ നടപടി തന്നെ ഞെട്ടിച്ചുവെന്ന് ശശി തരൂർ പറഞ്ഞു

ഇത് നമ്മുടെ ജനാധിപത്യത്തിന് ഒരു അശുഭസൂചനയാണ്. ഇതെല്ലാം സംഭവിച്ചത് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശപ്രകാരമാണെന്നും ഞങ്ങൾ ജയിലിൽ പോകാൻ തയ്യാറാണെന്നും" ദിഗ്‌വിജയ് സിംഗ് പറഞ്ഞു. അദാനിക്കെതിരെ ജെപിസി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സ്വേച്ഛാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണം'- ഗെലോട്ട് പറഞ്ഞു

രാഹുൽ ഗാന്ധിയുടെ ലോക് സഭാംഗത്വം അവസാനിപ്പിച്ചത് ഏകാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. ഇന്ദിരാഗാന്ധിക്കെതിരെയും ഇതേ രീതിയാണ് അവർ സ്വീകരിച്ചതെന്നും അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ബിജെപി മറക്കരുത്. ഈ സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന രാജ്യത്തിന്റെ ശബ്ദമാണ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, അക്രമം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു. അവയെ ശ്രദ്ധിക്കുന്നതിനു പകരം രാഹുലിനെതിരെ അടിച്ചമർത്തൽ നടപടികളാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്.

'ചോദ്യം ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്നു'- പ്രിയങ്ക ഗാന്ധി

രാജ്യത്തിന്റെ പണം കൊള്ളയടിച്ചവരെ എന്തിനാണ് ബിജെപി രക്ഷപ്പെടുത്തിയതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. നീരവ് മോദി അഴിമതി- 14,000 കോടി, ലളിത് മോദി അഴിമതി- 425 കോടി,
മെഹുൽ ചോക്സി അഴിമതി- 13,500 കോടി. എന്തുകൊണ്ടാണ് ഇവർക്കെതിരെയുള്ള അന്വേഷണത്തിൽ നിന്ന് ബിജെപി ഒളിച്ചോടുന്നത്? ചോദ്യം ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്ന ബിജെപി അഴിമതിക്കാരെ പിന്തുണയ്ക്കുന്നുണ്ടോ?

'ഞങ്ങൾ പോരാട്ടം തുടരും'- മല്ലികാർജുൻ ഖാർഗെ

സത്യം പറയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സത്യം പറഞ്ഞതിനാണ് രാഹുലിന് ശിക്ഷ ലഭിച്ചത്. രാജ്യത്തെ സത്യമാണ് രാഹുൽ ഗാന്ധി എല്ലാവരുടെയും മുന്നിൽ വയ്ക്കുന്നത്, അത് ബിജെപിക്ക് ഇഷ്ടമല്ലെന്നും ജനാധിപത്യം സംരക്ഷിക്കാൻ ജയിലിൽ പോകേണ്ടി വന്നാലും ഞങ്ങൾ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആർജെഡി എംപി മനോജ് സിൻഹ അപലപിച്ചു

രാഹുലിനെതിരായ നടപടി വിചിത്രവും അപലപനീയവുമാണെന്ന് ആർജെഡി എംപി മനോജ് കുമാർ ഝാ പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം മരിച്ചുവെന്ന് ഇനിയും പറയരുത്. ഇതിനെതിരെയുള്ള പ്രതിഷേധം  വെറും 'ജോലി' മാത്രമല്ല, ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടമാക്കണമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post