ബ്രഹ്മപുരത്ത് ഇന്ന് വ്യോമസേന ഇറങ്ങും; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുക ശമിപ്പിക്കാന്‍ ശ്രമം

(www.kl14onlinenews.com)
(07-Mar-2023)

ബ്രഹ്മപുരത്ത് ഇന്ന് വ്യോമസേന ഇറങ്ങും; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുക ശമിപ്പിക്കാന്‍ ശ്രമം
കൊച്ചി :ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്നു വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍ നിന്നുളള ഹെലികോപ്റ്ററുകളാണ് മുകളില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക. ബ്രഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യത്തിന്റെ അടിയില്‍നിന്ന് പുക ഉയരുന്ന സാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ല. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ഇന്നും സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.

Post a Comment

Previous Post Next Post