വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന; 'ആരോഗ്യ മന്ത്രിയുടെ ഉറപ്പിലും നടപടിയില്ല'

(www.kl14onlinenews.com)
(28-Mar-2023)

വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന; 'ആരോഗ്യ മന്ത്രിയുടെ ഉറപ്പിലും നടപടിയില്ല'
കോഴിക്കോട്: ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന. ഏഴു ദിവസത്തോളം നീണ്ട സമരം മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ മൂലമാണ് അവസാനിപ്പിച്ചത്. എന്നാൽ നീതി ലഭ്യമാക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർഷിന സമരം പുഃനരാരംഭിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിലായിരുന്നു ഹർഷിന സത്യാഗ്രഹ സമരമിരുന്നത്. സമരപന്തലിലെത്തി ഹർഷിനയെ കണ്ട മന്ത്രി പരാതിയിൽ ഉചിതമായ നടപടിയുണ്ടാവുമെന്നും നീതി ഉറപ്പാക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഹർഷിന പറയുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചപ്പോഴും ഹർഷിനയ്ക്ക് മറുപടി ലഭിച്ചില്ല.
2017 നവംബർ 30നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി. ചികിത്സാ പിഴവെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

ഹർഷിനയുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ശാരീരിക അസ്വസ്ഥതകളും അവശതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ ഹർഷിന സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

Post a Comment

Previous Post Next Post